ഹരിയാനയിലെ പ്രശസ്ത ഗായിക ഹര്‍ഷിത ദഹിയയുടെ കൊലപാതകത്തില്‍ ഗുണ്ടാനേതാവും സഹോദരീ ഭര്‍ത്താവുമായ ദിനേശ് അറസ്റ്റില്‍. ഹരിയാനയിലെ ജജ്ജര്‍ ജയിലില്‍ വിചാരണതടവില്‍ കഴിയുന്ന ദിനേശ് കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് പാനിപത്തില്‍ സംഗീതപരിപാടി അവതരിപ്പിച്ച ശേഷം മടങ്ങുകയായിരുന്ന ഹര്‍ഷിത വെടിയേറ്റ് മരിച്ചത്.
ഹര്‍ഷിത ദഹിയയുടെ കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയത് താനാണെന്ന് ദിനേശ് ഹരിയാന പൊലീസിന്റെ ചോദ്യംചെയ്യലില്‍ സമ്മതിച്ചു 2013ല്‍ ദിനേശ് ഹര്‍ഷിതയെ മാനഭംഗപ്പെടുത്തിയിരുന്നു. തൊട്ടടുത്ത വര്‍ഷം ഹര്‍ഷിതയുടെ അമ്മയെ കൊലപ്പെടുത്തി. ഈകേസില്‍ ഗായിക ദൃക്സാക്ഷിയാണ്. കോടതിയില്‍ ശക്തമായ മൊഴിനല്‍കാന്‍ ഹര്‍ഷിത തയാറെടുക്കുന്നത് അറിഞ്ഞ ദിനേശ് കൊലയാളികളെ നിയോഗിക്കുകയായിരുന്നു. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഗുണ്ടാനേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കോടതിയില്‍ ഹാജരാക്കിയ ദിനേശിനെ നാലുദിവസത്തേക്ക് ഹരിയാന പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. ഹര്‍ഷിതയുടെ സഹോദരി ലത, തന്റെ ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നില്ലെന്ന് നേരത്തേ ആരോപിച്ചിരുന്നു. ഗായിക സഞ്ചരിച്ച വാഹനത്തില്‍ മറ്റ് രണ്ടുപേര്‍ കൂടിയുണ്ടായിരുന്നെങ്കിലും തിരഞ്ഞുപിടിച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. തലയ്ക്കും കഴുത്തിനും വെടിയേറ്റ ഗായിക സംഭവസ്ഥലത്ത് തന്നെ മരിച്ചു.