തമിഴ്നാട് നാമക്കലില്‍ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടത്തി. ഉപേക്ഷിക്കപ്പെട്ട കുളത്തില്‍ മൃതദേഹം കണ്ടത് പശുവിനെ മേയ്ക്കാന്‍ വന്നവര്‍. കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്. നാമക്കല്‍ ജില്ലയിലെ വള്ളിപുറത്തെ നല്ലിക്കൗണ്ടര് പുതുര്‍ ഗ്രാമത്തിലാണ് സംഭവം. റോഡരികിലെ ഉപേക്ഷിച്ച കുളത്തിലാണ് യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. പശുവിനെ മേയ്ക്കാന്‍ വന്നവരാണ് മൃതദേഹം കണ്ടതും പൊലീസിനെ വിവരമറിയിച്ചതും. ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഒരാള്‍ കുളത്തില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്.
പൊലീസെത്തി മൃതദേഹം പുറത്തെടുത്തെങ്കിലും ആളെ തിരിച്ചറിഞ്ഞില്ല. മുപ്പത്തിയഞ്ച് വയസ് തോന്നിക്കും. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം വള്ളിപുറം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തെ പഴക്കമുണ്ട്. അധികം ആള്‍ത്താമസമില്ലാത്ത പ്രദേശമാണിത്. റോഡുണ്ടെങ്കിലും വാഹനങ്ങള്‍ കുറവാണ്. പിടിവലി നടന്നതിന്റെ സൂചനകള്‍ ഉണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. വലിയ ആഴമില്ലാത്ത കുളമായതിനാല്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കുറവാണെന്നാണ് നിഗമനം. കണ്ട് പരിചയമില്ലാത്ത ആളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊന്നതിന് ശേഷം കുളത്തില്‍ കൊണ്ടുവന്നിട്ടതാണോ എന്നും സംശയിക്കുന്നുണ്ട്.