ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ തേടി പൊലീസ്. കേസിലെ ആറു പ്രതികളെ ചോദ്യംചെയ്യാന്‍ പൊലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. രാജീവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണം.
ചാലക്കുടി രാജീവ് കൊലക്കേസില്‍ ഭൂമിയിടപാടില്‍ പണം നഷ്ടപ്പെട്ടതു മാത്രമാണോ കൊലയ്ക്കു കാരണമെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. രാജീവിനെ തട്ടിക്കൊണ്ടുവരാനും ബന്ദിയാക്കാനും ഗൂഢാലോചന നടത്തിയത് എവിടെ, എന്ന് എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പൊലീസ് ഇപ്പോള്‍ തേടുന്നത്. രാജീവും ചക്കര ജോണിയും തമ്മില്‍ നടത്തിയ ഭൂമിയിടപാടിന്റെ എല്ലാ രേഖകളും പൊലീസ് ശേഖരിച്ചു. ഇതോടൊപ്പം, കൊച്ചിയിലെ അഭിഭാഷകന് സി.പി.ഉദയഭാനുവും രാജീവും തമ്മിലുള്ള ഭൂമിയിടപാടിന്റെ വിശദാംശങ്ങളും സ്വരൂപിച്ചു. ഇവര്‍ നടത്തിയ ഭൂമിയിടപാടില്‍ കരാറില്‍ ഒപ്പുവച്ചിട്ടുള്ള ഭൂ ഉടമകളുടെ മൊഴിയെടുത്തു. അടുത്ത തിങ്കളാഴ്ച വരെ അഭിഭാഷകനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എന്നിരുന്നാലും, അന്വേഷണം മുറപോലെ നീങ്ങുന്നുണ്ട്. ഹൈക്കോടതിയില്‍ ഡി.ജി.പിയുമായി നേരിട്ടെത്തി അന്വേഷണ ഉദ്യോഗസ്ഥന് കാര്യങ്ങള്‍ ധരിപ്പിച്ചു. കൊല നടന്ന് ദിവസങ്ങള്‍ക്കകം ആറു പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നു.