തിരുവനന്തപുരം ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി. എബിവിപിയില്‍ ചേരാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മര്‍ദിച്ചെന്നാണ് ആരോപണം. പരുക്കേറ്റ വിദ്യാര്‍ഥി ജനറല്‍ ആശുപത്രിയില്‍ ചികില്‍സതേടി.
തിരുവനന്തപുരം വിടിഎം എന്‍എസ്എസ് കോളജിലെ ഒന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി അഭിജിത്തിനെ ചൊവ്വാഴ്ചയാണ് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. എബിവിപി പ്രവര്‍ത്തകരായ മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥികളാണ് മര്‍ദിച്ചതെന്ന് അഭിജിത്ത് ആരോപിച്ചു. മൊബൈല്‍ ഫോണില്‍ ചെഗവേരയുടെ ചിത്രം സ്ക്രീന്‍ സേവറാക്കിയതിനെ ചോദ്യംചെയ്തായിരുന്നു മര്‍ദനം.
വസ്ത്രങ്ങള്‍ അഴിപ്പിച്ചെന്നും പുറത്തുപറഞ്ഞാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അഭിജിത്ത് പറയുന്നു. എന്നാല്‍ ഇതേപ്പറ്റി പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസും കോളജ് അധികൃതരും അറിയിച്ചു.