ചാലക്കുടി രാജീവ് കൊലക്കേസിലെ മുഖ്യപ്രതി ചക്കര ജോണിയും കൂട്ടാളി രജ്ഞിത്തും ഒളിവില്‍ കഴിഞ്ഞത് ആലപ്പുഴയിലും പാലക്കാട്ടും. യാത്ര പോകാന്‍ കാറു നല്കിയ ആത്മസുഹൃത്ത് പിന്നീട് കൊലപാതക വിവരം അറിഞ്ഞപ്പോള്‍ ചക്കര ജോണിയെ പിന്തുടര്‍ന്നതാണ് ഒളിയിടം കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്.
രാജീവിനെ കൊന്ന ശേഷം സ്ഥലംവിട്ട ചക്കര ജോണിയും കൂട്ടാളി രജ്ഞിത്തും ആദ്യം പോയത് ആലപ്പുഴയിലെ സുഹൃത്തായ സുധന്റെ വീട്ടിലേക്ക്. അന്ന് അവിടെ താമസിച്ചു. കൊലപാതകത്തിന്റെ കാര്യം പറഞ്ഞതുമില്ല. പിറ്റേന്നു രാവിലെ യാത്ര പോകാന്‍ കാര്‍ ആവശ്യപ്പെട്ടപ്പോള്‍ നല്കി. പിന്നീടാണ്, കൊലപാതകത്തിന്റെ കാര്യം സുഹൃത്തറിയുന്നത്. കാര്‍ വേഗം കണ്ടെത്തി തിരിച്ചു വാങ്ങിയില്ലെങ്കില്‍ കുടുങ്ങുമെന്ന് മനസിലാക്കിയ സുഹൃത്ത് പിന്നാലെ പാലക്കാട്ടേയ്ക്കു വിട്ടു. ചക്കര ജോണിയെ കണ്ടെത്താന്‍ പൊലീസ് സുഹൃത്തുക്കളുടെ മൊബൈല്‍ നമ്പറുകള്‍ നിരീക്ഷിച്ചിരുന്നു.
അങ്ങനെ, പാലക്കാട്ടേയ്ക്കു പോയ സുഹൃത്തിന്റെ നീക്കങ്ങള്‍ സൈബര്‍ സെല്‍ നിരീക്ഷിച്ചു. പാലക്കാട് മംഗലഡാം പരിസരത്തെ വിശാലമായ റബര്‍തോട്ടത്തില്‍ കാറിനകത്ത് ഒളിച്ചിരുന്ന രണ്ടു പ്രതികളേയും പൊലീസ് പിടികൂടുകയായിരുന്നു. കൊല നടന്ന് നാലു ദിവസത്തിനിടെ കൊലയാളികളേയും ഗൂഢാലോചന നടത്തിയ രണ്ടു പേരേയും പിടികൂടി തൃശൂര്‍ റൂറല്‍ പൊലീസ് സല്‍പേരുണ്ടാക്കി.