കോഴിക്കോട് ബിലാത്തിക്കുളം ക്ഷേത്രം കവര്‍ച്ചാക്കേസില്‍ ഒരാള്‍ പിടിയില്‍. വെസ്റ്റ്ഹില്‍ സ്വദേശി താരിഖിനെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. കവര്‍ച്ചാ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതാണ് അന്വേഷണത്തിന് സഹായമായത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ബിലാത്തിക്കുളം ക്ഷേത്രത്തിലെ കാണിയ്ക്കവഞ്ചി കുത്തിത്തുറന്നുള്ള കവര്‍ച്ച നടന്നത്. പതിനായിരത്തിലധികം രൂപയും സ്വര്‍ണനാണയങ്ങളും നഷ്ടപ്പെട്ടു. കവര്‍ച്ച നടത്തിയ ആളുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പതിവ് കള്ളനല്ലെന്ന് വ്യക്തമായി. അന്വേഷണം മറ്റ് ജില്ലകളിലേയ്ക്കും വ്യാപിപ്പിച്ചെങ്കിലും യഥാര്‍ഥ മോഷ്ടാവിനെ കണ്ടെത്താനായില്ല. സംഭവത്തിന് ശേഷം മലപ്പുറം, വയനാട് ജില്ലകളില്‍ താരിഖ് നിര്‍മാണത്തൊഴിലാളിയായി കഴിയുകയായിരുന്നു. അടുത്തിടെ പിടിയിലായ നടക്കാവ് സ്വദേശിയായ മോഷ്ടാവില്‍ നിന്നാണ് നാട്ടില്‍ മടങ്ങിയെത്തി ചെറിയ കളവുകളിലേര്പ്പെട്ടിരുന്ന താരിഖിനെക്കുറിച്ചറിയുന്നത്. ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവില്‍ താരിഖിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റ് മൂന്ന് ആരാധനാലയങ്ങളിലും താരിഖ് കവര്‍ച്ച നടത്തിയതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
Advertisement