ചിട്ടി, ഇന്‍ഷൂറന്‍സ് നിക്ഷേപങ്ങളുടെ പേരില്‍ തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ നഷ്ടപ്പെട്ടത് രണ്ടായിരം കോടി രൂപ. ചാലക്കുടി ഫിനോമിനല്‍ ഇന്‍ഷൂറന്‍സിനെതിരെ മാത്രം പൊലീസിന് ലഭിച്ചത് പതിനയ്യായിരം പരാതികള്‍. മുംബൈ ആസ്ഥാനമായ ഫിനോമിനല്‍ ഹൗസിങ് ഫിനാന്‍സ് കമ്പനി പൊളിഞ്ഞതോടെ നിരവധി പേരുടെ പണം നഷ്ടപ്പെട്ടു.
ഇവരുടെതന്നെ, ലൈഫ് സ്റ്റൈല്‍ , ഹെല്‍ത്ത് കെയര്‍ തുടങ്ങി ഏഴു കമ്പനികളുടെ പേരിലുള്ള നിക്ഷേപങ്ങളും തകര്‍ന്നു. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്ന പേരിലാണ് പണം പിരിച്ചത്. കമ്പനി ഡയറക്ടര്‍മാരെ അറസ്റ്റ് ചെയ്തെങ്കിലും മുഖ്യപ്രതി ഒളിവിലാണ്. കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്.
കൊടുങ്ങല്ലൂരിലെ തത്വമസി ചിട്ടിക്കമ്പനിയില്‍ പണം നിക്ഷേപിച്ച രണ്ടായിരം പേര് പരാതി നല്കി. 200 കോടിയാണ് തത്വമസി പിരിച്ചത്. ചേര്‍പ്പിലെ ട്രേഡ് ലിങ്ക് ചിട്ടിയില്‍ 1248 പേരില്‍ നിന്നായി പിരിച്ചത് 28 കോടി. ഈകേസുകളിലും മുഖ്യ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. അമിത ലാഭം പ്രതീക്ഷിച്ച് നിക്ഷേപം നടത്തിയവരാണ് തട്ടിപ്പിന് ഇരയാവരില്‍ ഭൂരിഭാഗവും. ഇന്‍ഷൂറന്‍സ്, ചിട്ടി നിക്ഷേപങ്ങള്‍ക്ക് പുറകെ പായുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.