പാലക്കാട് ചെർപ്പുളശേരിയിൽ ദളിത് പൂജാരിക്ക് നേരെ വീണ്ടും ആക്രമണം. ചെർപ്പുളശേരിയിൽ താമസിക്കുന്ന മലപ്പുറം ഏലംകുളം സ്വദേശി ബിജു നാരായണനാണ് ആക്രമിക്കപ്പെട്ടത്. നാലു മാസം മുൻപ് ബിജുവിനെ ആസിഡ് ഒഴിച്ചും പരുക്കേൽപ്പിച്ചിരുന്നു.
പുലർച്ചെ ഒരു മണിക്കാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ കത്തികൊണ്ട് മുറിവേൽപ്പിക്കാൻ ശ്രമിച്ചു. കയ്യിലും കാലിനും നെഞ്ചിലും മുറിവേറ്റു. ചെർപ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് ബിജു .കഴിഞ്ഞ ജൂണിൽ ക്ഷേത്രത്തിലേക്ക് ഇരുചക്രവാഹനത്തിൽ പോകവേ ആസിഡ് ആക്രമണമുണ്ടായിരുന്നു. ഈ കേസിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ ആക്രമണം. അതേ സമയം വരുന്ന ജനുവരിയിൽ ദളിത് പൂജാരിമാരെ ഉൾപ്പെടുത്തി മഹായാഗത്തിന് തയ്യാറെടുക്കുന്നതിനെതിരെ ഭീഷണിയുള്ളതായി ബിജു പോലീസിൽ പരാതി നൽകിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് ആദ്യമായി താന്ത്രിക പഠനത്തില്‍ അംഗീകാരം നേടിയ ദളിതനാണ് ബിജു.