പണവും ആഭരണങ്ങളും മാത്രമല്ല ഇനി ചുവന്നുള്ളിയും മോഷ്ടാക്കളെ ഭയന്ന് സുരക്ഷിതമാക്കേണ്ടിവരും. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന നൂറുകിലോ ചുവന്നുള്ളിയാണ് കഴിഞ്ഞ ദിവസം കോട്ടയം എരുമേലിയിയിൽ മോഷണം പോയത്. വില സെഞ്ചുറിയിലെത്തിയതാണ് മോഷ്ടാക്കളുടെ ഇഷ്ട ഇനമായി ചുവന്നുള്ളി മാറാൻ കാരണം.
വന്ന് വന്ന് ചുവന്നുള്ളി വരെ ഇപ്പോൾ എവിടെ സൂക്ഷിക്കും എന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. കിലോയ്ക്ക് വില നൂറിലെത്തിയതോടെ മുന്നും പിന്നും നോക്കാതെയാണ് മോഷ്ടാക്കൾ നൂറുകിലോ ചുവന്നുള്ളി കട കുത്തിത്തുറന്ന് കടത്തിയത്. എരുമേലിയിലെ രണ്ട് പച്ചക്കറിക്കടകളിലാണ് മോഷണം നടന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന അമ്പത് കിലോ വെളുത്തുള്ളിയും നഷ്ടപ്പെട്ടിട്ടുണ്ട്. കൂടെ മൂവായിരം രൂപയും കടയ്ക്കുള്ളിലെ ഹോം തിയറ്ററും ത്രാസും.
രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പൊലീസിൽ കടയുടമകൾ പരാതി നൽകിയിട്ടുണ്ട്. ഇരുകടകൾക്കും സമീപമുളള ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.