ചെങ്ങറയിലെ സമരഭൂമിയിൽ സംഘർഷം. സംഘർഷത്തിൽ സ്തീകളുൾപ്പെടെ നിരവധിപേർക്ക് പരുക്കേറ്റു. ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കെത്തിയത്.
സംഘർഷത്തിൽ പരുക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു. അഞ്ചുപേർ പത്തനംതിട്ട ജനറലാശുപത്രിയിൽ ചികിത്സയിലാണ്. വീടുകളിലേക്കിരച്ചെത്തിയ അക്രമിസംഘം സ്ത്രീകളേയും കുട്ടികളേയും ഉൾപ്പെടെ മർദ്ദിച്ചു. വെട്ടേറ്റ രണ്ടുപേരെയാണ് കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽപ്രവേശിപ്പിച്ചത്.
കുറച്ചുദിവസങ്ങളായി പ്രദേശത്ത് സംഘർഷവസ്ഥ നിലനിൽക്കുന്നുണ്ട്. മദ്യവും മയക്കുമരുന്നും പ്രദേശത്ത് ധാരാളമായി ഒരുവിഭാഗത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്നുണ്ടെന്ന പരാതി വ്യാപകമാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടുത്തി ചിലർ പ്രദേശത്തെയുവാക്കളെ ഒപ്പം നിർത്താൻ ശ്രമിക്കുന്നു എന്ന ആരോപണവും ഉണ്ട്. ചെങ്ങറയിൽ അടിപിടി സ്ഥിരമായി ഉണ്ടാകുന്നുണ്ടെങ്കിലും നിയന്ത്രിക്കാൻ പൊലീസിനും ആകുന്നില്ല.