ലോട്ടറി ടിക്കറ്റില്‍ കൃത്രിമം കാട്ടി പണം തട്ടുന്ന സംഘം കോഴിക്കോടിന്റെ മലയോര മേഖലയില്‍ സജീവം. മുക്കത്ത് ലോട്ടറി ഏജന്റില്‍ നിന്ന് അയ്യായിരം രൂപ തട്ടിയെടുത്തു. പ്രതിയെ കണ്ടെത്താനായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
ഈ മാസം 14ന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ നന്പര് ചുരണ്ടിമാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ചുരണ്ടി മാറ്റിയ നമ്പറിന് പകരം സമ്മാനാര്‍ഹമായ നമ്പര്‍ എഴുതി ചേര്‍ത്ത ശേഷമാണ് ലോട്ടറി കച്ചവടക്കാരനായ ഭാസ്ക്കരന്‍ നായരെ സമീപിച്ചത്. തട്ടിപ്പ് മനസിലാകാത്ത ഭാസ്ക്കരന്‍ നായര്‍ സമ്മാന തുകയായ അയ്യായിരം രൂപ നല്കി. എന്നാല്‍ അടുത്ത ദിവസം ലോട്ടറി മാറാനായി പ്രധാന ഏജന്‍സിയില്‍ ടിക്കറ്റ് നല്‍കിയപ്പോഴാണ് കബളിപ്പിയ്ക്കപ്പെട്ടതായി മനസിലായത്.
ഇത്തരം തട്ടിപ്പുകള്‍ മുക്കത്തു മാത്രമല്ല, സംസ്ഥാന വ്യാപകമാണെന്നാണ് കച്ചവടക്കാരുടെ പരാതി. മിക്കപ്പോഴും ചെറിയ തുകകളാകുന്നതിനാല് പരാതി നല്കാന് ആരും മെനക്കെടാറില്ല. പ്രതിയെ കണ്ടെത്താനായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.