കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ കൊച്ചിയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ. കഞ്ചാവ് കേസിൽ നിരവധി തവണ അറസ്റ്റിലായിട്ടുള്ള കോഴിക്കോട് സ്വദേശി സനിൽരാജാണ് പിടിയിലായത്. ഇയാളിൽ നിന്ന് അഞ്ചു കിലോ കഞ്ചാവ് കണ്ടെടുത്തു.
തിരക്കേറിയ കലൂർ സ്റ്റേഡിയം പരിസരത്ത് കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സനില്‍ രാജ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്നയാൾ എക്സൈസ് സംഘത്തെ കണ്ടയുടൻ കാറിൽ രക്ഷപെട്ടു. കോഴിക്കോട് ഫറൂഖ് സ്വദേശിയായ സനിൽ രാജ് കഞ്ചാവ് വിൽപന കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ തടവിൽ കഴിഞ്ഞ തമിഴ്നാട് മധുര ജയിലിൽ നിന്ന് പരിചയപ്പെട്ട ആളുകളുമായി ചേർന്നായിരുന്നു ഇപ്പോൾ കച്ചവടം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് എത്തിച്ചു നൽകിയിരുന്നെങ്കിലും കൊച്ചിയായിരുന്നു പ്രധാന വിൽപന കേന്ദ്രം. ഇതിനായി ആലുവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില ക്വട്ടേഷൻ സംഘങ്ങളുടെ സഹായവും സനിൽ രാജിന് ലഭിച്ചിരുന്നു.
സംഘത്തിൽ കൂടുതൽ ആളുകളുണ്ടെന്നും ഇവരില്‍ ചിലർ നിരീക്ഷണത്തിലാണെന്നും എക്സൈസ് പറഞ്ഞു.