ഏഴുവയസുകാരിയെ മാനംഭംഗപ്പെടുത്തി കൊന്ന കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചതില്‍ പ്രതിഷേധവുമായി പെണ്‍കുട്ടിയുടെ കുടുംബം. മാനസികമായി തകര്‍ന്നെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു. ചെന്നൈ മുഗളിവാക്കത്ത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിനായിരുന്നു ചെന്നൈ മുഗളിവാക്കത്ത് ഏഴുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊല്ലുകയും, പിന്നീട് കത്തിക്കുകയും ചെയ്തത്. കേസിലെ പ്രതിയും എന്‍ജിനീയറുമായ ദശ്വന്തിനാണ് കഴിഞ്ഞദിവസം ചെങ്കല്‍പ്പേട്ട് കോടതി ജാമ്യം അനുവദിച്ചത്. ഇതിനെതിരെ മരിച്ച കുട്ടിയുടെ പിതാവ് രംഗത്തുവന്നു. തങ്ങളുടെഭാഗം കേള്‍ക്കാതെയാണ് ജാമ്യം നല്‍കിയതെന്നും പ്രതിയെ തൂക്കികൊല്ലണമെന്നും മരിച്ച കുട്ടിയുടെ പിതാവ് രാജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതിയുടെ പേരില്‍ ചുമത്തിയിരുന്ന ഗുണ്ടാ ആക്ട് റദ്ദാക്കി. ജാമ്യം റദ്ദാക്കാന്‍ പൊലീസ് ഇടപെടണമെന്നും കേസ് വേഗത്തില്‍ പൂര്ത്തായാക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു
തൊണ്ണൂറ് ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. പ്രതി ദശ്വന്തിന്റെ പിതാവ് സമര്‍പ്പിച്ച അപേക്ഷയിലാണ് ജാമ്യം ലഭിച്ചത്. വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ച അതി ക്രൂരമായ കൊലപാതകമായിരുന്നു നടന്നത്. പൊലീസിന്റെ മെല്ലെപ്പോക്ക് നയത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ ലക്ഷ്യമിടുന്നുണ്ട്. മാനഭംഗപ്പെടുത്തി കൊന്ന ശേഷം മൃതശരീരം ഒരു ദിവസം പ്രതി വീട്ടില്‍ സൂക്ഷിച്ചു. തൊട്ടടുത്ത ദിവസം ഒരു ബാഗിലാക്കി സമീപത്തുള്ള പാലത്തിനടിയില്‍ ഒളിപ്പിച്ചു. മൂന്നാം ദിവസം കത്തിക്കുകയായിരുന്നു.