സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ചെറുതും വലുതുമായ മോഷണം നടത്തിവന്ന അഞ്ചംഗ സംഘത്തെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തു. ആഡംബര കാറുകള്‍ വാടകയ്ക്കെടുത്ത് മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിലാണ് സംഘം മോഷണം നടത്തിവന്നത്.
കിട്ടിയാല്‍ എന്തും കക്കും. മൂവാറ്റുപുഴ പോലീസ് പിടികൂടിയ ഈ അഞ്ചുപേരും ചില്ലറക്കാരല്ല. ജാതിക്കയും , അടയ്ക്കയും റബ്ബറും മുതല്‍ വാഹനങ്ങളും വാഹനത്തിനുള്ളില്‍നിന്ന് ഇന്ധനവുംവരെ കക്കുന്ന സംഘമാണ് പിടിയിലായത്. തൊടുപുഴ ഒളമറ്റംകരയില്‍ കൊതുക് രതീഷ് എന്നുവിളിക്കുന്ന രതീഷ് , മൂവാറ്റുപുഴ കല്ലൂര്‍കാട് സ്വദേശി ആഷിന്‍ ഷാജി, മഞ്ഞള്ളൂര്‍ സ്വദേശി ലിബിന്‍ , പെരുമ്പാവൂര്‍ വെള്ളയാമറ്റം സ്വദേശിയും പാലാ പൂവരണിയില്‍ താമസക്കാരനുമായ ജിജോ, പെരുമ്പാവൂര്‍ െഎരാപുരം സ്വദേശി പങ്കന്‍ ഷിജു എന്നുവിളിക്കുന്ന ഷിജു എന്നിവരാണ് അറസ്റ്റിലായത്.
പ്രതിയായ ജിജോയ്ക്ക് മാത്രം പന്ത്രണ്ട് സ്റ്റേഷനുകളിലായി ഇരുപത് കേസുകളുണ്ട്. ബാക്കിയുള്ളവരും ഒന്നിലധികം കേസുകളില്‍ പ്രതിയാണ്. കൃത്യമായ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് വാഹനം വാടകയ്ക്കെടുത്താണ് സംഘം മോഷണത്തിനായി വിവിധ സ്ഥലങ്ങളില്‍ എത്തിയിരുന്നത്. ഇവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.