തൃശൂര്‍ ഒല്ലൂരില്‍ ജ്വല്ലറിയില്‍ നിന്ന് ഒന്നേക്കാല്‍ കോടിയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന. കോഴിക്കോട് മുക്കം വിസ്മയ ജ്വല്ലറി കൊള്ളയടിച്ച സംഘം തന്നെയാണ് ഒല്ലൂരിലേയും കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. ജാര്ഖണ്ഡുകാരെന്ന് സംശയിക്കുന്ന മോഷ്ടാക്കളുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
തൃശൂര്‍ ഒല്ലൂര്‍ ആത്മിക ജ്വല്ലറിയുടെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യമാണിത്. ക്യാമറയുടെ കേബിള്‍ മുറിക്കാന്‍ വരുമ്പോഴുള്ള ദൃശ്യം. പക്ഷേ, മുഖം മറച്ചതിനാല്‍ ദൃശ്യങ്ങള്‍ പിന്തുടരാനാകില്ല. മോഷ്ടാവിന്റെ ശരീരഭാഷ ഇതരസംസ്ഥാനക്കാരന്റേതാണെന്നാണ് പൊലീസിന്റെ നിഗമനം. മതിലിന്റെ ഭിത്തി, വാതില്‍ , ഇരുമ്പു വാതില്‍ , ഇതിനെല്ലാം പുറമെ ലോക്കറും. ഇങ്ങനെ പലകടമ്പകള്‍ കടന്ന് സ്വര്‍ണം കൊള്ളയടിക്കണമെങ്കില്‍ വിദഗ്ധരാകണം. സമാനമായ കവര്‍ച്ച നടന്ന കോഴിക്കോട് മുക്കം വിസ്മയ ജ്വല്ലറി കേസിന്റെ വിവരങ്ങള്‍ ഒല്ലൂര്‍ പൊലീസ് ശേഖരിച്ചു. മുക്കത്ത്, ജ്വല്ലറി കൊള്ളയടിക്കാന്‍ മോഷ്ടാവ് എത്തിയത് വിമാനത്തിലായിരുന്നു. ഈ കേസില്‍ , നാലു പ്രതികള്‍ ജാമ്യത്തിലിറങ്ങി. ഇവര്‍ , കേരളത്തില്‍ വാടക വീടെടുത്ത് താമസിക്കുന്നതായി ജാര്‍ഖണ്ഡില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചു. ലോക്കര്‍ തുറക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ എസ്.എം.എസ് വരുന്ന സംവിധാനം തകരാറിലായിരുന്നു. സിസിടിവി ക്യാമറയുടെ അലാമിന്റെ കേബിളും മുറിച്ചിരുന്നു. നാലേമുക്കാല്‍ കിലോ സ്വര്‍ണം നഷ്ടപ്പെട്ടതോടെ ജ്വല്ലറി പൂട്ടേണ്ട അവസ്ഥയിലാണ് ഉടമ.
സ്വര്‍ണം നഷ്ടപ്പെട്ടതിന്റെ ഇന്‍ഷൂറന്‍സ് തുക കിട്ടാന്‍ കടമ്പകളേറെ കടക്കണം. പൊലീസിന്റെ അന്വേഷണം അവസാനിപ്പിക്കണം. പിന്നെ, ഇന്‍ഷൂറന്‍സ് കമ്പനിയുമായുള്ള നിയമപോരാട്ടം വേറെ. എല്ലാ സുരക്ഷാ മാര്‍ഗങ്ങളും ഭേദിച്ച് കവര്‍ച്ച നടത്തിയ കള്ളന്മാരെ കുടുക്കാന്‍ പൊലീസാകട്ടെ നെട്ടോട്ടത്തിലാണ്. കള്ളന്മാര് ഉപേക്ഷിച്ചു പോയ ഗ്യാസ് സിലിണ്ടറുകള്‍ മാത്രമാണ് ഏകതുമ്പ്.