ആലപ്പുഴ ഹരിപ്പാട് വീട്ടില്‍കയറി യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ സംസ്ഥാനംവിട്ടതായി സൂചന. പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഹരിപ്പാട് സ്വദേശി രഞ്ജിത്തിനെ മാത്രമാണ് അന്വേഷണ സംഘത്തിന് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. രണ്ടുദിവസത്തോളം പ്രതികള്‍ സമീപപ്രദേശങ്ങളില്‍ തമ്പടിച്ചിട്ടും പൊലീസിന് കണ്ടെത്താന്‍ കഴിയാത്തത് ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയാണ് മുഖംമൂടിയിട്ടെത്തിയ അഞ്ചംഗസംഘം അരണപ്പുറം സ്വദേശി കുട്ടന് എന്ന ലിജോ വര്‍ഗീസിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. കൊലയാളികളെല്ലാം ഇതേനാട്ടുകാരാണ്. ശിവപ്രസാദ്, ശിവപാലന്‍, ഷിബു, മുകേഷ്, മനു എന്നിവര്‍ക്കായാണ് തിരച്ചില്‍. എന്നാല്‍ ആദ്യരണ്ടുദിവസം നാട്ടില്‍ തന്നെയുണ്ടായിരുന്ന പ്രതികള്‍ പിന്നീടാണ് ഒളിത്താവളം മാറ്റിയത്. രക്ഷപ്പെടാന്‍ സഹായിച്ച ഹരിപ്പാട് സ്വദേശിയായ രഞ്ജിത്തിനെ പൊലീസ് പിടികൂടിയതോടെയാണ് അഞ്ചംഗസംഘം നാടുവിട്ടതെന്ന് പൊലീസ് അറിയിച്ചു.
ഇതരസംസ്ഥാനത്തേക്ക് കടന്നതായാണ് സൂചന. പ്രതികളില്‍ ഒരാളുടെ ഭാര്യയുമായുള്ള വഴിവിട്ട ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ട ലിജോയെ പലതവണ താക്കീത് ചെയ്തെങ്കിലും വീണ്ടും ബന്ധം തുടര്‍ന്നതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. അക്രമത്തില്‍ പരുക്കേറ്റ ലിജോ വര്‍ഗീസിന്റെ സഹോദരങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലയാളി സംഘങ്ങളില്‍ ചിലര്‍ ഹരിപ്പാട് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.