തൃശൂര്‍ ഒല്ലൂരില്‍ ജ്വല്ലറിയുടെ ഭിത്തിതുരന്ന് നാലേമുക്കാല്‍ കിലോ സ്വര്‍ണം കവര്‍ന്നു. ഒരു കോടി 30 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ജ്വല്ലറിയില്‍ നിന്ന് കൊള്ളയടിച്ചത്. തൃശൂര്‍ ഒല്ലൂരിലെ ആത്മിക ജ്വല്ലറിയാണ് കൊള്ളയടിച്ചത്. ജ്വല്ലറിയുടെ പുറകിലുള്ള ഭിത്തി ഒരാള്‍ക്കു കടക്കാന്‍ പാകത്തിലാണ് തുരന്നത്. മൂന്നു ഗ്യാസ് സിലിണ്ടര്‍ സഹിതം അകത്തു കയറിയ മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്നു. സ്വര്‍ണം കിട്ടിയതോടെ ഗ്യാസ് സിലിണ്ടര്‍ മൂന്നും ഉപേക്ഷിച്ചു. മൂന്നു ബാഗുകളും സമീപത്തു നിന്ന് കണ്ടെടുത്തു. ആസൂത്രിതമായ കവര്‍ച്ചയാണ് ഒല്ലൂരില്‍ അരങ്ങേറിയത്.
ജ്വല്ലറിയുടെ പുറകില്‍ ഓട്ടുകമ്പനിയുണ്ട്. ഈ ഓട്ടുകമ്പനിയുടെ മതില് പൊളിച്ചാണ് ജ്വല്ലറിയുടെ പുറകിലേക്ക് മോഷ്ടാക്കള്‍ എത്തിയത്. ഓട്ടുകമ്പനിക്കുള്ളില് രാത്രിയില്‍ ഒളിച്ചിരുന്ന് ജ്വല്ലറിയുടെ ഭിത്തി തുരക്കാന്‍ എളുപ്പമായി. സിസിടിവി ക്യാമറകളുടെ കേബിള്‍ നശിപ്പിച്ച നിലയിലാണ്. പരിസരത്തെ ഏതെങ്കിലും കടകളുടെ സിസിടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും െതളിവുകള്‍ ശേഖരിച്ചു. ഇതിനു മുമ്പ് രണ്ടു തവണ ഇതേജ്വല്ലറിയില് മോഷണം നടന്നിരുന്നു. അന്നൊന്നും, ഇത്രയും വലിയ തോതില്‍ സ്വര്‍ണം നഷ്ടപ്പെട്ടിരുന്നില്ല.