ട്രെയിനിൽ കടത്തുകയായിരുന്ന 80 കിലോയിലധികംവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കോഴിക്കോട് റയിൽവേ പൊലീസ് പിടികൂടി. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന നിസാമുദീൻ എക്സ്പ്രസിൽ നിന്നാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ഉടമസ്ഥരെ കണ്ടെത്താനായിട്ടില്ല.
റയിൽവേ പൊലീസിന്റെ പരിശോധനയ്ക്കിടയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ട്രെയിനിന്റെ ജനറൽ കംപാർട്ട്മെന്റിൽ ആളില്ലാത്ത നിലയിൽ രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. അന്യസംസ്ഥാനത്തൊഴിലാളികൾ വഴി പാൻമസാലശേഖരം കേരളത്തിലേയ്ക്കെത്തിക്കുന്നതിനായിരുന്നു ശ്രമമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ രണ്ടുമാസത്തിനിടെ അഞ്ഞൂറുകിലോയിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് റയിൽവേ പൊലീസ് പിടികൂടിയിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇതരസംസ്ഥാനക്കാരെ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് തീരുമാനം.