തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ നാലു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി. തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ നിന്ന് തൃശൂരിലേക്ക് കഞ്ചാവ് കൊണ്ടുവരുമ്പോഴാണ് പിടിയിലായത്.
കോയമ്പത്തൂരില്‍ നിന്നുള്ള ട്രെയിനില്‍ രണ്ടു യുവാക്കള്‍ കഞ്ചാവുമായി കയറിയിട്ടുണ്ടെന്ന് എക്സൈസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യം, പരിശോധിക്കാന്‍ ട്രെയിനില്‍ പാലക്കാട് എക്സൈസ് സംഘം കയറി. ട്രെയിന്‍ തൃശൂരില്‍ എത്തും വരെ യാത്രക്കാരുടെ ബാഗുകള്‍ പരിശോധിച്ചെങ്കിലും കണ്ടില്ല. ഇതിനിടെ, വിവരമറിഞ്ഞ് തൃശൂര്‍ എക്സൈസ് സംഘവും ട്രെയിന്‍ വരുന്നതും കാത്ത് സ്റ്റേഷനില്‍ കാത്തുനിന്നു. ഈ സമയം, ട്രെയിനിറങ്ങിയ യാത്രക്കാരില്‍ കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരന് കാടാമ്പുഴ നവാസിനെ ഉദ്യോഗസ്ഥര്‍ കണ്ടു. നേരത്തെ പല കേസുകളില്‍ പിടിക്കപ്പെട്ടിട്ടുള്ളതിനാല്‍ എക്സൈസുകാരെ കണ്ടതും നവാസ് ഓടി. ഒപ്പമുണ്ടായിരുന്ന കാടാമ്പുഴ സ്വദേശി മുസ്തഫയും ഓടി. എക്സൈസ് ഉദ്യോഗസ്ഥര്‍ ഇരുവരേയും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
ഇതിനിടെ, റയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ടു ബാഗുകള്‍ പരിശോധിച്ചപ്പോള്‍ രണ്ടു ലക്ഷം രൂപയുടെ നിരോധിത പാന്‍ ഉല്പന്നങ്ങളും കണ്ടെടുത്തു. ഈ മൂന്നു യാത്രക്കാരേയും പിഴയൊടുക്കി വിട്ടയച്ചു.