E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഹേമജയുടെ കൊലയാളി എവിടെ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഏഴുവര്‍ഷം മുമ്പ് അധ്യാപക ദിനത്തില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ഒരു അധ്യാപികയുണ്ട് കേരളത്തില്‍. കണ്ണൂരില്‍..അരുംകൊലപാതകത്തിന്‍റെ ചുരുളഴിക്കാന്‍ വര്‍ഷങ്ങള്‍കഴിഞ്ഞിട്ടും പൊലീസിന് കഴിയാതായതോടെ ഹേമജ എന്ന അധ്യാപികയേയും ജനം മറന്നു. സാഹചര്യത്തെളിവുകളുടെ അടിസ്‌ഥാനത്തിൽ പൊലീസ് പ്രഖ്യാപിച്ചിരുന്നു ഭർത്താവു ശശീന്ദ്രനാണു കൊലയാളിയെന്ന്. പക്ഷേ കൊലയാളിയെ തിരിച്ചറിഞ്ഞിട്ടും ആവോളം തെളിവുകള്‍ ശേഖരിച്ചിട്ടും കൊലയാളിയെ പിടികൂടാന്‍ മാത്രം പേരുകേട്ട കേരളപൊലീസിന് കഴിഞ്ഞിട്ടില്ല. 

രാജ്യാന്തര കുറ്റവാളികളെ വരെ മണിക്കൂറുകൾ കൊണ്ടു പിടികൂടാൻ കഴിവുണ്ടെന്നു മേനി പറയുന്ന കേരള പൊലീസ് സേന ശശീന്ദ്രൻ എന്ന സാദാ പൗരനു മുൻപിൽ തോറ്റു തൊപ്പിയിട്ടു. 2009, സെപ്‌റ്റംബർ അഞ്ച് വാനിനകത്തു കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ മൃതദേഹം രാവിലെ ആദ്യം കണ്ടത് ഹേമജയുടെ സഹോദരൻ. നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുന്നു. വാനിൽ ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സാഹചര്യത്തെളിവുകൾ ശശീന്ദ്രന്റെ പങ്കിലേക്കു വിരൽചൂണ്ടി. 

തലേദിവസം രാത്രി ഇരുവരും ആശുപത്രിയിലേക്കു പോയി എന്നു മാത്രമാണു വീട്ടുകാർക്ക് അറിയാവുന്നത്. പിന്നീടു ഹേമജയെ കാണുന്നതു കൊല്ലപ്പെട്ട നിലയിലാണ്. എത്ര സമർഥനായ കുറ്റവാളിയും തെളിവിന്റെ ഒരു തുമ്പെങ്കിലും പൊലീസിനു വേണ്ടി ബാക്കി വയ്‌ക്കുമെന്നാണല്ലോ. വാനിൽ തെളിവായി അവശേഷിച്ചതു ശശീന്ദ്രന്റെ ചെരുപ്പു മാത്രം. പൊലീസിന്റെ ഭാഷയിൽ, നിർണായക തെളിവ്. 

ഏറെ വൈകിയായിരുന്നു ഹേമജയുടെയും പന്നേൻപാറ ശശീന്ദ്രന്റെയും വിവാഹം. ഇവർക്കു കുട്ടികളില്ല. സംശയവും അപകർഷതാ ബോധവും മൂലം പലപ്പോഴും ടീച്ചറോടു മൃഗീയമായാണു ശശീന്ദ്രൻ പെരുമാറിയിരുന്നതെന്നു ബന്ധുക്കൾ ഓർക്കുന്നു. എങ്കിലും ടീച്ചർ ആരോടും ഒന്നും പറഞ്ഞില്ല. എല്ലാ ദുരിതങ്ങളും ഉള്ളിലൊതുക്കി. പുസ്‌തകങ്ങളെയും കുട്ടികളെയും സ്‌നേഹിച്ചു സ്‌കൂൾ വരാന്തയിലൂടെ നിശ്ശബ്‌ദയായി നടന്നു. പീഡനം സഹിക്കാവുന്നതിനപ്പുറത്തേക്കു കടന്നപ്പോൾ വിവാഹമോചനത്തിനു ബന്ധുക്കൾ നിർബന്ധിച്ചു. 

പാതി മനസ്സോടെ ടീച്ചർ സമ്മതിച്ചതുമാണ്. സ്വതവേ അന്തർമുഖനായിരുന്ന ശശീന്ദ്രനു ചുറ്റും എപ്പോഴുമുണ്ടായിരുന്നതു ദുരൂഹതയുടെ നിഴൽ മാത്രം. ചെറുപ്പത്തിലേ അച്‌ഛനും അമ്മയും മരിച്ച ശശീന്ദ്രൻ ബന്ധുക്കളായ രണ്ടു സ്‌ത്രീകളുടെ കൂടെയായിരുന്നു താമസം. ആദ്യ സ്‌ത്രീ വിളക്കു മറിഞ്ഞു തീപിടിച്ചും രണ്ടാമത്തെ സ്‌ത്രീ വാതിൽപ്പടിയിൽ തലയിടിച്ചും മരിച്ചുവെന്നാണു രേഖകൾ. അവരുടെ സ്വത്തുക്കൾ ശശീന്ദ്രന്റെ പേരിലേക്കു മാറുകയും ചെയ്‌തു. രണ്ടു മരണങ്ങളും അസ്വാഭാവികമെന്ന് ആരോപിച്ചു മഹിളാ സംഘടനകൾ രംഗത്തു വന്നിരുന്നു. 

നാട്ടുകാരുമായും അയാൾ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കി. ആദ്യഭാര്യയും ദുരൂഹസാഹചര്യത്തിൽ മരിച്ചതായാണു പൊലീസിനു കിട്ടിയ വിവരം. പലപ്പോഴും ശശീന്ദ്രൻ ആരോടും പറയാതെ വീടു വിട്ടിറങ്ങും. എവിടെ പോകുന്നെന്നോ എന്തു ചെയ്യുന്നെന്നോ ആർക്കും അറിയില്ല. സന്തതസഹചാരിയായ വാൻ പലയിടത്തും അസ്വാഭാവികമായ സാഹചര്യങ്ങളിൽ ആളുകൾ കണ്ടിട്ടുണ്ട്. ഒറ്റപ്പെട്ടു താമസിക്കുകയും അതേസമയം നല്ല സാമ്പത്തിക സ്‌ഥിതി ഉള്ളവരുമായ സ്‌ത്രീകളുമായി അടുപ്പം സ്‌ഥാപിക്കുന്നതാണു ശശീന്ദ്രന്റെ സ്വഭാവമെന്നു പൊലീസ് പറയുന്നു. 

വൈകി നടന്ന വിവാഹത്തിനു മുൻപു വരന്റെ ചുറ്റുപാടുകൾ വേണ്ടത്ര മനസ്സിലാക്കാൻ ഹേമജയുടെ വീട്ടുകാർക്കു കഴിഞ്ഞിരുന്നില്ല. ഹേമജയുടെ സ്വത്തുക്കൾ എവിടെ? ഹേമജയുടെ ആഭരണങ്ങളും പണവും കൈകാര്യം ചെയ്‌തിരുന്നതു ഭർത്താവു തന്നെ. ഉയർന്ന ശമ്പളമുള്ള ഹേമജയുടെ ഇതുവരെയുള്ള സമ്പാദ്യങ്ങളെക്കുറിച്ചു യാതൊരു വിവരവുമില്ല. 70 പവനോളം ആഭരണങ്ങൾ ശശീന്ദ്രന്റെ പേരിൽ ലോക്കറിൽ ഉണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. കൊല്ലപ്പെടുന്നതിന്റെ രണ്ടു ദിവസം മുൻപു പിഎഫ് ഫണ്ടിൽ നിന്നു ഹേമജ ഒരു ലക്ഷം രൂപ പിൻവലിച്ചതായി സഹഅധ്യാപകർ വീട്ടുകാരെ അറിയിച്ചു. 

ശശീന്ദ്രന്റെ സുഹൃത്ത് ആലക്കോട് ശശിയും ഹേമജയ്‌ക്കു പണം നൽകാനുള്ളതായി ബന്ധുക്കൾ പറയുന്നു. ഇയാൾക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണു പൊലീസിന്റെ നിഗമനം. ശശി പിന്നീട് അറസ്‌റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി. വയറുവേദന ഉണ്ടെന്നും ആശുപത്രിയിൽ പോകണമെന്നും പറഞ്ഞാണു രാത്രി ശശീന്ദ്രൻ ഹേമജയേയും കൊണ്ടു വീട്ടിൽനിന്ന് ഇറങ്ങുന്നത്. മുൻപു മൂന്നു രാത്രികളിൽ ഇതേ സംഭവമുണ്ടായിട്ടുണ്ടെന്നു ഹേമജയുടെ അമ്മ പറയുന്നു. സുഹൃത്തിന്റെ സഹായത്തോടെ ശശീന്ദ്രൻ ഭാര്യയെ വധിക്കുകയും തുടർന്നു രക്ഷപ്പെടുകയും ചെയ്യുകയായിരുന്നെന്നാണു പൊലീസ് വിശദീകരണം. ശശീന്ദ്രന്റെ വീടിനു പിറകിലെ വാഴത്തോട്ടത്തിൽ മനുഷ്യശരീരം അടക്കാൻ പാകത്തിൽ കുഴി നാട്ടുകാർ പിറ്റേന്നു കണ്ടെത്തിയിരുന്നു. എന്തുകൊണ്ട് ആ പദ്ധതി ഉപേക്ഷിച്ചെന്നതിനും വ്യക്‌തതയില്ല. 

ശശീന്ദ്രന്റെ മൂന്നു സുഹൃത്തുക്കളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തു. ശശീന്ദ്രൻ ഉണ്ടെന്ന സംശയത്തിൽ ചില സ്‌ഥലങ്ങളിൽ സിറ്റി സിഐയുടെ നേതൃത്വത്തിൽ സംഘം അന്വേഷണം നടത്തി. അന്നത്തെ എസ്‌പി അനൂപ് കുരുവിള ജോൺ സ്‌ഥലംമാറിപ്പോയതോടെ അന്വേഷണം ചൂടാറിയ ചായ പോലെയായെന്നു നാട്ടുകാർ പറയുന്നു. ബന്ധുക്കൾ തിരക്കുമ്പോൾ, ദാ ഇപ്പോക്കിട്ടും എന്ന മട്ടിലാണു പൊലീസിന്റെ മറുപടി. പ്രതിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു. സകലമാന തെളിവുകളും കിട്ടിക്കഴിഞ്ഞു. ഇനി ആൾ എവിടെയുണ്ടെന്ന് അറിഞ്ഞാൽ മാത്രം മതി.. ഞാനിവിടെ ഒളിച്ചിരിപ്പുണ്ടേ എന്നു പ്രതി തന്നെ വിളിച്ചുപറയുന്നതും കാത്ത് ഇരിക്കുകയാണ് അന്വേഷണ സംഘം. വിദേശരാജ്യങ്ങളിൽ ഒളിവിൽ കഴിയുന്ന രാജ്യാന്തര കുറ്റവാളികളെ വരെ സൈബർ സാങ്കേതികവിദ്യ ഉപയോഗിച്ചു കണ്ടെത്തുന്ന നാട്ടിലാണ് ഈ ഒളിച്ചുകളി എന്നോർക്കുക.അഡ്വ. ടി.ഒ. മോഹൻ ചെയർമാനായ ആക്ഷൻ കൗൺസിൽ കലക്‌ടറേറ്റു പടിക്കൽ ധർണ നടത്തിയിരുന്നു. ഹേമജയുടെ കുടുംബാംഗങ്ങളുടെ കണ്ണുനീർ കണ്ടിട്ടും ആരുടെയും മനസ്സലിഞ്ഞില്ല. നടന്നു നടന്നു നാട്ടുകാർക്കും വീട്ടുകാർക്കും മടുത്തു. നിയമപാലകരിൽ വിശ്വാസം നഷ്‌ടപ്പെടുമ്പോൾ എന്തു ചെയ്യും? ഇനി ദൈവനീതിയിൽ മാത്രമാണു പ്രതീക്ഷ