ഓണത്തിനോടനുബന്ധിച്ച് മാഹിയിൽനിന്ന് കേരളത്തിലേക്കുള്ള മദ്യക്കടത്ത് തടയാൻ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി. അതിർത്തി മേഖലകളിൽ പരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. പ്രത്യേക സ്ക്വാഡും രംഗത്തുണ്ട്.
മാഹി ടൗണിൽ മദ്യശാലകൾ അടഞ്ഞുകിടക്കുകയാണ്. എങ്കിലും സമീപപ്രദേശങ്ങളിൽനിന്ന് മദ്യം കേരളത്തിലേക്ക് കൊണ്ടുപോകുന്നതായി എക്സൈസ് ഇന്റലിജൻസിന് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന ആരംഭിച്ചിരിക്കുന്നത്. മാഹിയില്‍ അടഞ്ഞുകിടക്കുന്ന മദ്യശാലകളുടെ ഗോഡൗണുകളിൽ മദ്യം സൂക്ഷിച്ചുവച്ചിട്ടുണ്ട്.
ഓണക്കാലത്ത് ഇവ രഹസ്യമായി പ്രവൃത്തിക്കുമെന്ന സൂചന എക്സൈസിന് ലഭിച്ചിരുന്നു. കേരള അതിർത്തികളായ ന്യൂമാഹി, അഴിയൂർ എന്നിവിടങ്ങളിൽ 24 മണിക്കൂറും വാഹന പരിശോധന കർശനമാക്കി. ദേശീയപാതയിൽ മിന്നൽ പരിശോധനയും നടത്തുന്നുണ്ട്