കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് കൊള്ളയടിച്ച കേസില്‍ പിടിയിലാകാനുള്ള മറ്റ് മൂന്നു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം. ബസ് കൊള്ളയടിക്കാന്‍ അക്രമികളെത്തിയ ബൈക്ക് കത്തിച്ച നിലയില്‍ കണ്ടെത്തി. കുറ്റവാളിക്കളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ചന്നപട്ടണ പൊലീസ് വ്യക്തമാക്കി.
രാമനഗര ജില്ലയിലെ ചന്നപട്ടണയില്‍ ഇന്നലെ പുലര്‍ച്ചെയാണ് കെ എസ് ആര് ടി സി ബസ് കൊള്ളയടിച്ചത്. ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ നാലുപേരാണ് നിര്‍ത്തിയിട്ടിരുന്ന കെ എസ് ആര് ടി സി ബസിനകത്ത് കയറി സ്വര്‍ണാഭരണവും പണവും കവര്‍ന്നത്. അരിവാള്‍ നീട്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. മണിക്കൂറുകൾക്കകം ചന്നപട്ടണ പൊലീസ് പ്രതികളില്‍ ഒരാളെ പിടികൂടി. സ്ഥിരം കുറ്റവാളി സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കസ്റ്റഡിയില്‍ ഉണ്ടായിരുന്ന മാണ്ഡ്യ സ്വദേശി അബ്ദുള്ളയെ ബസ് ജീവനക്കാര്‍ തിരിച്ചറിയുകയായിരുന്നു.
ഇയാളില്‍ നിന്ന് ഒരു മാല കണ്ടെടുത്തതായും സൂചനയുണ്ട്. അക്രമികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ചന്നപ്പട്ടണയ്ക്ക് സമീപം കത്തിച്ച നിലയില്‍ കണ്ടെത്തി. തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബൈക്ക് കത്തിച്ചതെന്ന് സംശയിക്കുന്നു. അറസ്റ്റിലായ പ്രതിയില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് മറ്റുപ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്.