തൃശൂരില്‍ എക്സൈസിന്റെ കഞ്ചാവ് വേട്ട തുടരുന്നു. രണ്ടു റയില്‍വേ സ്റ്റേഷനുകളില്‍ നിന്നായി മൂന്നു കിലോ കഞ്ചാവ് ഇന്നു പിടികൂടി. ആകെ ആറു പ്രതികളെയും എക്സൈസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ മൂന്നു യുവാക്കള്‍ കഞ്ചാവുമായി ഇറങ്ങുമെന്നാണ് എക്സൈസിന് ലഭിച്ച രഹസ്യ വിവരം. യുവാക്കളുടെ ഷര്‍ട്ടിന്റെ നിറം വരെ കൃത്യമായി എക്സൈസിന് കിട്ടി. ട്രെയിനിറങ്ങിയ യുവാക്കള്‍ എക്സൈസുകാരെ കണ്ടതും ഓടി. നാലു പേരെ ഓടിച്ചിട്ട് പിടികൂടി. ഇവരുടെ ബാഗില്‍ നിന്ന് ഒരു കിലോ കഞ്ചാവ് കണ്ടെടുത്തു. ദിണ്ഡിഗലില്‍ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിനില്‍ നാട്ടിലേക്ക് വരുമ്പോഴായിരുന്നു ഇവര്‍ കുടുങ്ങിയത്. ഈ പ്രതികളുടെ രണ്ടു ബൈക്കുകള്‍ റയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്നു. ഒരു പ്രതിയുടെ അച്ഛന് പെന്ഷനായപ്പോള് കിട്ടിയ തുകയ്ക്കു വാങ്ങിയ ബൈക്കാണിത്. രണ്ടാമത്തെ കഞ്ചാവു വേട്ട വടക്കാഞ്ചേരി റയില്‍വേ സ്റ്റേഷനില്‍ നിന്നാണ്. തേനിയില്‍ നിന്ന് രണ്ടു കിലോ കഞ്ചാവുമായി ട്രെയിനിറങ്ങിയ രണ്ടു യുവാക്കളാണ് എക്സൈസിന്റെ വലയിലായത്.
തൃശൂര്‍ നഗരത്തില്‍ വഴിയരികില്‍ നട്ടുവളര്‍ത്തിയ കഞ്ചാവു ചെടിയും പൊലീസ് കണ്ടെടുത്തു. എട്ടു മാസത്തിനിടെ തൃശൂര്‍ ജില്ലയില്‍ എക്സൈസ് പിടികൂടിയത് അന്‍പതു കിലോ കഞ്ചാവാണ്. ഇതിന്റെ രണ്ടിരട്ടി കഞ്ചാവ് എക്സൈസും പൊലീസും അറിയാതെ വിറ്റിരിക്കാമെന്നാണ് നിഗമനം.