ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം പെണ്‍കുട്ടികളെ ലൈംഗികഅടിമകളായി ഉപയോഗിച്ചിരുന്നുവെന്ന് മുന്‍ സുരക്ഷാഉദ്യോഗസ്ഥന്. ആശ്രമത്തിലെ പുരുഷന്മാരെ ഷണ്ഡീകരിച്ചു. ഗുര്‍മീത് നേരിട്ട് ഒട്ടേറെപ്പേരെ കൊലപ്പെടുത്തിയതായും മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനായ ബിയാന്ത് സിങ് പറഞ്ഞു. അതേസമയം, ഗുര്‍മിതും ഹണിപ്രീത് ഇന്സാനുമായുളള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത രംഗത്തെത്തി.
ദേര സച്ചാ സൗദ ആസ്ഥാനത്തെ ഗുര്‍മിതിന്റെ കിടപ്പുമുറിയില്‍ നിന്ന് പുറത്തുകേട്ട പെണ്‍കുട്ടികളുടെ അലമുറകള്‍ ഞെട്ടലോടെ മാത്രമെ ഓര്‍ക്കാന്‍ കഴിയുകയൂവെന്ന് ബിയാന്ത് സിങ് പറഞ്ഞു. കിടപ്പുമുറിയെ ഗുഹയെന്നാണ് ഗുര്‍മിത് വിശേപ്പിക്കുന്നത്. വളര്‍ത്തുമകളായും സാധ്വികളായും തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികളാണ് ഏറെയും മാനഭംഗത്തിനിരയായത്. പതിനാറുകാരിയെ ഗുര്‍മിത് മാനഭംഗപ്പെടുത്തുന്നത് നേരില്‍ കണ്ടുവെന്നും മുന്‍ അംഗരക്ഷകനായ ബിയാന്ത് സിങ് വെളിപ്പെടുത്തി.
ഒട്ടേറെ കൊലപാതകങ്ങളിലും ഭൂമിതട്ടിപ്പിലും ഗുര്‍മിതിന് പങ്കുണ്ട്. ആശ്രമത്തിലെ പുരുഷന്മാരെ വ്യാപകമായി ഷണ്ഡീകരിച്ചു. തന്നെയും ഷണ്ഡീകരിക്കാന് ശ്രമിച്ചപ്പോഴാണ് ആശ്രമം വിട്ടതെന്ന് ബിയാന്ത് സിങ് പറഞ്ഞു. അതേസമയം, ഗുര്‍മീതും വളര്‍ത്തുമകളെന്ന് അറിയപ്പെടുന്ന ഹണിപ്രീത് സിങുമായി അവിഹിതബന്ധമുണ്ടെന്ന് മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ആരോപിച്ചു. എന്നാല്‍, ദേര സച്ചാ സൗദ അടച്ചുപൂട്ടരുതെന്ന് ബാബാ രാംദേവ് ആവശ്യപ്പെട്ടു.