E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

എവിടെയാണ് ഗുർമീതിനെതിരെ പരാതി നൽകിയ രണ്ടു പെൺകുട്ടികൾ? കേസിൽ സംഭവിച്ചതെന്ത്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gurmeet-ram-selfie.jp
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മാനഭംഗക്കേസിൽ ദേര സച്ചാ സൗദ മേധാവി ഗുർമീത് റാം റഹിം സിങ് കുറ്റക്കാരനാണെന്നു കോടതി വിധിച്ചതോടെ എല്ലാവരും അന്വേഷിച്ചത് രണ്ടു പേരെയാണ്. ഈ പ്രഖ്യാപിത ആൾദൈവത്തിനെതിരെ മൊഴി നൽകിയ ആ രണ്ട് പെണ്‍കുട്ടികൾ. എന്നാൽ മാധ്യമങ്ങൾക്കുൾപ്പെടെ അവരെ കണ്ടെത്താനായിട്ടില്ല. അവരുടെ അഭിഭാഷകർ കോടതിയിൽ പറഞ്ഞതിങ്ങനെ: ‘പെൺകുട്ടികൾ ഭീതിയിലാണ്. റാം റഹിം കുറ്റക്കാരനല്ലെന്നു വിധിക്കപ്പെട്ടിരുന്നെങ്കിൽ ഇരുവരും മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് പോകേണ്ടി വന്നേനെ...’  പെൺകുട്ടികളെപ്പറ്റിയുള്ള യാതൊരു വിവരവും പുറത്തുവിടാനാകില്ലെന്നും അഭിഭാഷകർ പറഞ്ഞു. കോടതിവിധിയുടെ പേരിൽ സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പോടെ പെൺകുട്ടികളുടെ ഈ തീരുമാനം കൂടുതൽ ബലപ്പെടുകയും ചെയ്തു. ഇത്തരമൊരു ഭയത്തിനുമുണ്ട് കാരണം. ഗുർമീതിനെതിരെ പരാതി നൽകിയതിനു ശേഷം തന്റെ ജീവിതം മാറിമറിഞ്ഞെന്നാണ് പെൺകുട്ടികളിലൊരാൾ മുൻപ് സ്വകാര്യമാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ പറഞ്ഞത്. ‘സ്വതന്ത്രമായി ഒരിടത്തേക്കും പോകാൻ സാധിച്ചിട്ടില്ല. ജീവനു ഭീഷണിയുണ്ട്. എന്റെ കുടുംബാംഗങ്ങളും ഭീതിയിലാണ്...’ പെൺകുട്ടി പറഞ്ഞു. 

ഗുർമീതിന്റെ അനുമതിയില്ലാതെ ആശ്രമത്തിൽ യാതൊന്നും നടന്നിരുന്നില്ല. അനുയായികളാകട്ടെ അദ്ദേഹം എന്തു പറഞ്ഞാലും അത് ദൈവത്തിന്റെ സന്ദേശമാണെന്നു കരുതി നടപ്പിലാക്കുകയാണു പതിവ്. അനുയായികളിൽ നിന്നു മാത്രമല്ല, സിബിഐ ഉദ്യോഗസ്ഥരിൽ നിന്നു വരെ കേസ് പിൻവലിക്കാനുള്ള നീക്കമുണ്ടായി എന്നതാണു സത്യം. പക്ഷേ വിവാഹിതരായ രണ്ടു യുവതികൾ ഭർത്താക്കന്മാരുടെ പിന്തുണയോടെ നടത്തിയ ധീരമായ പോരാട്ടമാണു ഗുർമീതിനെ മാനഭംഗക്കേസിൽ ശിക്ഷിക്കാനിടയാക്കിയത്. ഒപ്പം ഒട്ടേറെ സമ്മർദമുണ്ടായിട്ടും വഴങ്ങാതെ കേസുമായി മുന്നോട്ടുപോയ സിബിഐയുടെ സമർഥരും അർപ്പണബോധമുള്ളവരുമായ ഏതാനും ഉദ്യോഗസ്ഥന്മാരുടെ അന്വേഷണവും. 

∙ ഊമക്കത്തിൽനിന്ന് തുടക്കം

ഹരിയാന സിർസയിലെ ദേര ആസ്ഥാനത്ത് വനിതാ അനുയായികളെ ഗുർമീത് പീഡിപ്പിക്കുകയാണെന്നു കാണിച്ചുള്ള മൂന്നു പേജ് ഊമക്കത്തോടെയാണ് കേസിന്റെ തുടക്കം. അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയിക്ക് ലഭിച്ച കത്ത് പഞ്ചാബ്–ഹരിയാന ഹൈക്കോടതിക്ക് അയച്ചു. 2002ൽ ഹൈക്കോടതി സിർസയിലെ ജില്ലാ ജഡ്ജി എം.എസ്.സുള്ളറോട് ഇതെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ദേര സച്ചാ സൗദ ഒരു മതസംഘടന എന്നതിനേക്കാൾ വാണിജ്യ സ്ഥാപനമാണെന്നും രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമായി അടുപ്പമുള്ള വ്യക്തിയാണു റാം റഹിമെന്നും സുള്ളർ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു. ഈ കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ ശരിയാവില്ല, കേന്ദ്ര ഏജൻസിതന്നെ വേണമെന്ന ശുപാർശയും.

∙ അന്വേഷണം സിബിഐക്ക് 

ഹൈക്കോടതി നിർദേശപ്രകാരം 2002 ഡിസംബർ 12നു സിബിഐ കേസ് ഏറ്റെടുത്തു. 2002 മുതൽ 2007 വരെ  ഒരന്വേഷണവും ഉണ്ടായില്ല. 2007 ൽ സിബിഐയുടെ ജോയിന്റ് ഡയറക്ടറായിരുന്ന മുലിൻജ നാരായണന് അന്വേഷണച്ചുമതല നൽകി. അദ്ദേഹവും എഎസ്പി സതീഷ് നാഗറുമാണ് അസാധ്യമെന്നു തോന്നിച്ച അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ, അന്വേഷണം നടത്തരുതെന്നും കേസ് അവസാനിപ്പിക്കണമെന്നും ഇവർക്കുമേൽ വൻ സമ്മർദം വന്നു. ഉന്നത ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും വരെ വിളിച്ചു. കേസിലെ പ്രശ്നങ്ങളെപ്പറ്റി നല്ല ധാരണയുണ്ടായിരുന്നെങ്കിലും ഒരു പ്രത്യേകസംഭവമാണ് നാരായണനെ കേസിനെ വിടാതെ പിന്തുടരാനൻ പ്രേരിപ്പിച്ചത്. കേസ് ഏറ്റെടുത്ത് ഏതാനുംദിവസം കഴിഞ്ഞപ്പോൾ മുറിയിലേക്കു കടന്നുവന്ന ഒരു സിബിഐ ഉന്നതോദ്യോഗസ്ഥൻ തന്നെ ഗുര്‍മീതിനെതിരെയുള്ള അന്വേഷണം നിർത്തണമെന്ന് ആവശ്യപ്പെട്ടതായിരുന്നു അത്. അതോടെ ഗുർമീതിന്റെ അനുയായികളെ ചോദ്യം ചെയ്യൽ ശക്തമാക്കി.

∙ ഇരകളെ കണ്ടെത്തൽ 

ഊമക്കത്തു വന്നതു പഞ്ചാബിലെ ഹോഷിയാർപുരിൽ നിന്നാണെന്നു സിബിഐ കണ്ടെത്തി. പക്ഷേ പെൺകുട്ടി ആരെന്ന് ഒരു രൂപവുമില്ല. ദേര സച്ചാ സൗദയിൽനിന്നു വിട്ടു പോയ 24 സന്യാസിനിമാരുടെ വിവരങ്ങൾ സംഘടിപ്പിച്ചു. അതിൽ മൂന്നുപേരുടെ വീടു കണ്ടെത്തി. ആരുംതന്നെ കേസിനു തയാറായിരുന്നില്ല. ഒടുവിൽ ആദ്യത്തെ ഇരയായ പെൺകുട്ടിയെ കണ്ടുപിടിച്ചു. ആ കുട്ടി അപ്പോഴേക്കും വിവാഹിതയായിരുന്നു. അവർ വഴി ഹരിയാനയിലുള്ള രണ്ടാമത്തെ കുട്ടിയെയും കണ്ടെത്തി. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത ആ കുട്ടിയുടെയും വിവാഹം കഴിഞ്ഞിരുന്നു. ഒട്ടേറെ പേർക്ക് പീഡനമേറ്റിട്ടുണ്ടെന്ന് കത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും പരാതി നൽകാൻ മുന്നോട്ടു വന്നത് ആ രണ്ടു പേർ മാത്രമായിരുന്നു. 

∙ മൊഴി രേഖപ്പെടുത്തൽ 

രണ്ടു പെൺകുട്ടികളെയും അവരുടെ വീട്ടുകാരെയും കേസ് നടത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു ബോധ്യപ്പെടുത്താൻ ദിവസങ്ങൾവേണ്ടിവന്നു. കേസിന്റെ പേരിൽ കുഴപ്പങ്ങളൊന്നുമുണ്ടാകില്ലെന്ന് ഒരു പിതാവിന്റെ സ്ഥാനത്തു നിന്ന് വാക്കു കൊടുത്തിനു ശേഷമായിരുന്നു നാരായണനൊപ്പം പെൺകുട്ടി പരാതിയുമായി മുന്നോട്ടു വന്നത്. ഗുര്‍മീതിനെതിരെ മൊഴി നല്‍കുക മാത്രമല്ല ഒരു മജിസ്ട്രേറ്റിനു മുന്നിൽ വച്ച് അത് രേഖപ്പെടുത്താനും പെണ്‍കുട്ടി തയാറായി. അതോടെ കേസ് നിലനിൽക്കുമെന്നും വഴിമുട്ടിപ്പോകില്ലെന്നും ഉറപ്പായി. രണ്ടു കുട്ടികളുടെയും വീട്ടുകാർ ദേര സച്ചാ സൗദ വിശ്വാസികളാണ്. ഏതു നിമിഷവും ദേര സച്ചായുടെ ഗുണ്ടകൾ ആക്രമിക്കുമെന്നും അവർ ഭയന്നു. 

∙ ആദ്യ പെൺകുട്ടിയുടെ മൊഴി ‌

(2009 ഫെബ്രുവരി 28 ന് രേഖപ്പെടുത്തിയത്)  

‘1999 സെപ്റ്റംബറിലായിരുന്നു സംഭവം. ഗുർമീത് താമസിക്കുന്നതു നിലവറപോലെയുള്ള ഗുഹയിലാണ്. ഇതിനു കാവൽനിൽക്കുന്നതു സന്യാസിനിമാരാണ്. രാത്രി എട്ടു മുതൽ 12 വരെയുള്ള ഷിഫ്റ്റിലായിരുന്നു എന്റെ ഡ്യൂട്ടി. പത്തു മണിയോടെ ഗുർമീത് എന്നെ അകത്തേക്കു വിളിച്ചു. നിലത്ത് ഇരിക്കാൻ തുടങ്ങിയപ്പോൾ കിടക്കയിലേക്ക് ഇരിക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണു മാനഭംഗപ്പെടുത്തിയത്. കരഞ്ഞുകൊണ്ടു പുറത്തിറങ്ങി. മറ്റു സന്യാസിനിമാർ ചോദിച്ചുവെങ്കിലും ഒന്നും പറഞ്ഞില്ല. 

അടുത്തദിവസം വീട്ടിൽനിന്ന് അച്ഛനും അമ്മയും വന്നപ്പോൾ അവരോടു വിവരം പറഞ്ഞു. അതോടെ ദേര ആസ്ഥാനം വിട്ടു. എന്നിട്ടും 2000 ൽ വിവാഹം നടത്തിയത് അവിടെത്തന്നെയാണ്. ഗുർമീതും ചടങ്ങിൽ പങ്കെടുത്തു. എന്നാൽ ഭർത്താവിനു ചില സംശയങ്ങൾ തോന്നി. അങ്ങനെ എല്ലാ വിവരവും പറഞ്ഞു. ദേര സച്ചാ അനുയായികളുടെ ഭീഷണി അസഹ്യമായപ്പോൾ യമുനാനഗറിലേക്കും പിന്നെ ചണ്ഡിഗഡിലേക്കും താമസം മാറ്റി. കോടതിയിൽ ക്രോസ് വിസ്താരം നടന്നപ്പോൾ പോലും താമസസ്ഥലം വെളിപ്പെടുത്തിയില്ല.’ 

∙ പിതാജിയുടെ മാപ്പ് 

ദേര സച്ചാ സൗദയിലെ സന്യാസിനിമാർ പുതുതായി വരുന്ന അന്തേവാസിനികളോടു ചോദിക്കുമായിരുന്നു, പിതാജിയുടെ മാഫി (പിതാവിന്റെ മാപ്പ്) ലഭിച്ചുവോ എന്ന്. എന്താണ് ഇതിന്റെ  അർഥമെന്നു മനസ്സിലായിരുന്നില്ല – ഇരയായ പെൺകുട്ടി മൊഴിയിൽ പറയുന്നു. റാം റഹിം സിങ് പീഡിപ്പിക്കുന്നതിനെയാണു മാപ്പ് എന്നു വിശേഷിപ്പിച്ചിരുന്നത്!

∙ രണ്ടാം പെൺകുട്ടിയുടെ മൊഴി

‘1999 ഓഗസ്റ്റ് 28ന് ആയിരുന്നു സംഭവം. രാത്രി 8.30നു സുധേഷ് കുമാരി എന്ന സന്യാസിനി എന്നോടു പിതാജിയുടെ ഗുഹയിലേക്കു ചെല്ലാൻ ആവശ്യപ്പെട്ടു. അദ്ദേഹംതന്നെയാണു വാതിൽ തുറന്നത്. ധൻ ധൻ സത്ഗുരു, തേരാ ഹി അസാര എന്നു പറഞ്ഞു വണങ്ങി. കിടക്കയിൽ ഇരിക്കാൻ പറഞ്ഞു. എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടോ എന്നു തിരക്കി. കോളജിൽ പഠിച്ചകാലത്ത് ഒരു ആൺകുട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ചു പറഞ്ഞു. നീ കളങ്കിതയായി, ഇനി ഞാൻ പവിത്രമാക്കാം എന്നു പറഞ്ഞു മാനഭംഗപ്പെടുത്തി. ഞാൻ താങ്കളെ ദൈവമായാണു കാണുന്നതെന്നു പറഞ്ഞപ്പോൾ, ഭഗവാൻ ശ്രീകൃഷ്ണനും ഇതു പോലെ ആയിരുന്നു എന്നു പറഞ്ഞു. വീണ്ടും ഇതുപോലെ നടന്നു. 2001 ൽ ആശ്രമം വിട്ടു. സഹോദരനാണ് ആശ്രമത്തിൽനിന്നു കൊണ്ടുപോയത്’.

∙ സഹോദരനെ വധിച്ചു

രണ്ടാമത്തെ പെൺകുട്ടിയുടെ സഹോദരനാണ് ഊമക്കത്തെഴുതിയതെന്നു ഗുർമീത് സംശയിച്ചു. 2002 ജൂലൈ 10 ന് ഈ യുവാവിനെ ദേര സച്ചാ സൗദ അനുയായികൾ കൊലപ്പെടുത്തി. 2005ൽ പെൺകുട്ടി വിവാഹിതയായി. ഭർത്താവിനോട് എല്ലാം പറഞ്ഞു. കേസ് മുന്നോട്ടുകൊണ്ടുപോകാൻ എല്ലാ സഹായവും ഭർത്താവു നൽകുന്നു. 

∙ ചോദ്യം ചെയ്യൽ  കടുപ്പം

ഒട്ടേറെ രാഷ്ട്രീയക്കാരും വമ്പൻ വ്യവസായികളും കേസ് ഒഴിവാക്കാനുള്ള സമ്മർദ്ദവുമായി സിബിഐ ഓഫിസിൽ കയറിയിറങ്ങിക്കൊണ്ടേയിരുന്നു. തന്റെ ജൂനിയർ ഓഫിസർമാർ പോലും ഗുർമീതിനെതിരെ കേസ് തള്ളിക്കളയണമെന്ന് വശ്യപ്പെട്ടിട്ടുണ്ടെന്നു പറയുന്നു നാരായണൻ. ഇതൊന്നും പക്ഷേ അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. ഗുർമീതിനെ ചോദ്യം ചെയ്യുകയും എളുപ്പമായിരുന്നില്ല. അംഗരക്ഷകരുടെയും അനുയായികളുടെയും അനുമതിയില്ലാതെ ഇയാളെ കാണാൻതന്നെ കഴിയില്ല. ഒടുവിൽ അരമണിക്കൂർ ചോദ്യം ചെയ്യലിനു ഗുർമീത് വഴങ്ങി. എന്നാൽ ചോദ്യം ചെയ്യൽ രണ്ടരമണിക്കൂർ നീണ്ടു. 

ഗുർമീത് എല്ലാ കുറ്റങ്ങളും നിഷേധിക്കുന്ന നിലപാടാണ് ആദ്യം മുതൽ കൈക്കൊണ്ടത്. താൻ നിഷ്കളങ്കനും നിരപരാധിയുമാണെന്നു സ്ഥാപിക്കാനായിരുന്നു ശ്രമം. നേരിട്ടുള്ള ഒരു മറുപടിയും തന്നില്ല. എങ്കിലും പ്രതി ഭയചകിതനായിരുന്നു. 2009ൽ ഡിഐജി ആയി വിരമിച്ച നാരായണൻ പറയുന്നതു ഗുർമീതിനെതിരായ രണ്ടു വധക്കേസുകളും ശക്തവും ശിക്ഷിക്കപ്പെടാവുന്നതുമാണ് എന്നാണ്.  

∙ നിരന്തര ഭീഷണി 

കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥർ, വാദിച്ച സ്പെഷൽ പ്രോസിക്യൂട്ടർ എന്നിവരെയെല്ലാം അപായപ്പെടുത്താൻ പലവട്ടം ശ്രമം നടന്നു. പട്യാലയിൽനിന്ന് അംബാലയ്ക്കുള്ള വഴിയിൽ തന്റെ കാറിനെ ഇടിച്ചുവീഴ്ത്താൻ ശ്രമിച്ചുവെന്നു പ്രോസിക്യൂട്ടർ എച്ച്.പി. എസ്. വർമ  പറയുന്നു. പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ ദേര സച്ചാ സൗദയിലെ ചിലർ കേസ് കൊടുത്തു. എന്നാൽ, ഹൈക്കോടതി കേസ് തള്ളി. കേസിൽ 15 സാക്ഷികളെയാണു സിബിഐ ഹാജരാക്കിയത്. അവരെയെല്ലാം ദേര സച്ചാ സൗദ പ്രവർത്തകർ പല ഘട്ടങ്ങളിലും ഭീഷണിപ്പെടുത്തിയെങ്കിലും ഒരാൾപോലും കൂറുമാറിയില്ല. 

എന്തായാലും അന്വേഷണ ഉദ്യോഗസ്ഥരുടെയും പരാതി നൽകിയ പെൺകുട്ടികളുടെയും വിശ്വാസം തെറ്റിയില്ല– ജുഡീഷ്യറി ചതിച്ചില്ല. ഗുര്‍മീത് കുറ്റക്കാരനാണെന്നു കോടതി വിധിച്ചു. 15 വർഷത്തെ അന്വേഷണങ്ങൾക്കും നിയമപോരാട്ടത്തിനും കാത്തിരിപ്പിനുമൊടുവിൽ 28ന് സിബിഐ പ്രത്യേക കോടതി എന്തു ശിക്ഷയായിരിക്കും വിധിക്കുന്നത് എന്നു മാത്രമേ ഇനി അറിയാനുള്ളൂ.