ചാലക്കുടി കൊരട്ടിയില്‍ കടകളില്‍ കവര്‍ച്ചാ പരമ്പര. പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്തു കയറുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. പക്ഷേ, കള്ളനെ തിരിച്ചറിയാനായില്ല. രാത്രികാലങ്ങളില്‍ കൊരട്ടി കേന്ദ്രീകരിച്ച് മോഷണം വ്യാപകമാണെന്നാണ് പരാതി
മുഖംമറച്ച ഈ കള്ളനാണ് കൊരട്ടിയിലെ മൂന്നു കടകള്‍ കുത്തിതുറന്ന് പണം തട്ടിയെടുത്തത്. രണ്ടു കടകളില്‍ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ലോട്ടറി ഓഫിസ് ഉള്‍പ്പെടെ മൂന്നു കടകളില്‍ നിന്ന് കള്ളന് കിട്ടിയത് മുപ്പതിനായിരം രൂപയോളം. കമ്പിപ്പാര ഉപയോഗിച്ചാണ് പൂട്ട് തകര്‍ത്തത്. തലയും മുഖവും തോര്‍ത്ത് മുണ്ട് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. ഇടയ്ക്ക് ക്യാമറയിലേക്ക് നോക്കുന്നുണ്ടെങ്കിലും മുഖം മറച്ചതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രികാലങ്ങളില്‍ കള്ളന്മാരുടെ ശല്യം കൊരട്ടിയിലെ വ്യാപാരികള്‍ക്കു തലവേദനയായി.
ഇനി, സിസിടിവിയില്‍ കണ്ട കള്ളനെ തിരിച്ചറിയുകയാണ് പൊലീസിന് മുമ്പിലുള്ള വെല്ലുവളി. ഒറ്റനോട്ടത്തില്‍ ആളെ മനസിലാകാത്തതിനാല് പരമ്പരാഗത രീതിയിലുള്ള അന്വേഷണമാണ് പൊലീസ് സ്വീകരിക്കുന്നത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കള്ളന്മാരെ തിരയുകയാണ് പരമ്പരാഗത അന്വേഷണ രീതി. കള്ളനെ വേഗം പിടിച്ചില്ലെങ്കില്‍ അടുത്ത കടയില്‍ കയറുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.