തിരൂർ ബിപിൻ വധക്കേസിൽ പ്രതികളെ കുറിച്ചുള്ള ശക്തമായ സൂചന ലഭിച്ചതായി പൊലിസ്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലിസിന് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. ഇന്ന് രാവിലെയാണ് മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി പൊലിസ് കസ്റ്റഡിയിലെടുത്തത്.
മലപ്പുറം എസ്.പി ദേബേഷ് കുമാർ ബഹ്റയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിലെടുത്തവരെ ചോദ്യം ചെയ്യുന്നത്.മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗം സംഘമാണ് കൊലപാതകം നടത്തിയതെന്ന സൂചന പൊലിസിന് ലഭിച്ചിട്ടുണ്ട്.കസ്റ്റഡിയിലുള്ളവർക്ക് ബിപിനുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നാണ് പൊലിസ് അന്വേഷിക്കുന്നത്.വിവാദമായ കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ബിപിൻ. മുൻവൈരാഗ്യമാണോ കൊലക്ക് കാരണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.അതേ സമയം തിരൂരും പരിസര പ്രദേശങ്ങളിലും പൊലിസിന്റെ ശക്തമായ സുരക്ഷയിലാണ്. 750 ഒാളം പൊലിസുകാരെയാണ് വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുള്ളത്.