ഗോവയില്‍നിന്ന് കേരളത്തിലേക്ക് ഹഷിഷ് ഓയില്‍ കടത്തുന്ന രണ്ടു യുവാക്കളെ ഗോവയില്‍ പോയി തൃശൂര്‍ പൊലീസ് പിടികൂടി. ഇതോടെ, ഹഷിഷ് ഓയില്‍ കടത്തു കേസില്‍ രണ്ടാഴ്ചയ്ക്കിടെ അറസ്റ്റിലായ യുവാക്കളുടെ എണ്ണം അഞ്ചായി.
ഫോര്‍ട്ട് കൊച്ചി സ്വദേശികളായ ഷൈജുവിനേയും മെഹ്റൂഫിനേയുമാണ് ഗോവയില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്. ഇവരുടെ കൈവശം പത്തു ലക്ഷം രൂപ വിലമതിക്കുന്ന 225 ഗ്രാം ഹഷിഷ് ഓയില്‍ ഉണ്ടായിരുന്നു. ഇതിനു പുറമെ, നിരവധി വിദേശ കറന്‍സികളും. എല്‍.എസ്.ഡി. സ്റ്റാംപും കണ്ടെത്തി. ഗോവയില്‍ നിരവധി ദിവസം തങ്ങിയ ശേഷം മെഡിക്കല്‍ കോളജ് പൊലീസ് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്.
കഴിഞ്ഞ ഒന്‍പതിന് തൃശൂരില്‍ മൂന്നു യുവാക്കളെ ഹഷിഷ് ഓയിലുമായി പിടികൂടിയപ്പോഴാണ് ലഹരികടത്തിന്റെ ചങ്ങലകള്‍ പൊട്ടിയത്. തൃശൂര്‍ കാറളം സ്വദേശി ഷലീല്‍ , വടക്കാഞ്ചേരി സ്വദേശി ഷമീര്‍ , കുണ്ടന്നൂര്‍ സ്വദേശി വൈശാഖ് എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്നാണ് ഈ സംഘത്തിന് ഹഷിഷ് ഓയില്‍ കിട്ടിയത്. അഞ്ചു ലക്ഷം രൂപയുടെ ലഹരിമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മലയാളി യുവാക്കള്‍ കണ്ണികളായ ലഹരികടത്തു സംഘത്തിന്റെ വേരുകള്‍ കണ്ടെത്താന്‍ വീണ്ടും ഗോവ കേന്ദ്രീകരിച്ച് അന്വേഷണം തുടരുമെന്ന് പൊലീസ് പറഞ്ഞു.