തലശ്ശേരിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.റെയിൽവേ സ്റ്റേഷൻ റോഡിലെ കടയിൽനിന്നും ലോട്ടസ് തിയേറ്ററിന് സമീപത്തെ ക്വാർട്ടേഴ്സിൽനിന്നുമാണ് പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തത്.
തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വ്യാപകമാണെന്ന രഹസ്യവിവരത്തെത്തുടർന്നാണ് ഞായറാഴ്ച പൊലീസ് പരിശോധന നടത്തിയത്. ട്രാഫിക് എസ്.ഐ വി.വി.ശ്രീജേഷിന്റെ നേതൃത്വത്തിലായിരുന്നു നഗരത്തിലെ കടകളിൽ പരിശോധന നടന്നത്. രണ്ട് സ്ഥലങ്ങളിൽനിന്നായി ആറ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
മഹാരാഷ്ട്ര സ്വദേശി ഓംപ്രകാശിന്റെ കടയിലും ക്വാർട്ടേഴ്സിലുമാണ് ഇവ സൂക്ഷിച്ചിരുന്നത്. പരിശോധന നടത്തുന്ന സമയത്ത് ഈയാൾ സ്ഥലത്തുണ്ടായിരുന്നില്ല. ഇതരസംസ്ഥാനങ്ങളിൽനിന്നാണ് പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചിരുന്നത്. വിദ്യാർഥികളെയും ഇതരസംസ്ഥാനക്കാരെയും കേന്ദ്രീകരിച്ചായിരുന്നു വിൽപന. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.