കൊച്ചി നഗരത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് സ്ഥിരമായി കഞ്ചാവെത്തിച്ച് നൽകുന്ന ഇടുക്കിക്കാരൻ അറസ്റ്റിൽ. പനമ്പിള്ളിനഗറിൽ നിന്നാണ് രണ്ടേകാൽ കിലോ കഞ്ചാവുമായി അടിമാലി സ്വദേശി രാജേഷ് സൗത്ത് പൊലീസിന്റെ പിടിയിലായത്.
ഇടനിലക്കാരന് കഞ്ചാവ് കൈമാറാനുള്ള ശ്രമത്തിനിടെയാണ് പനമ്പിള്ളി നഗറിൽ നിന്ന് രാജേഷ് ഷാഡോ പൊലീസിന്റെ കയ്യിൽപ്പെട്ടത്. കൊച്ചി നഗരത്തിലെ ചില സ്കൂൾ വിദ്യാർഥികൾക്ക് സ്ഥിരമായി ഇടുക്കിയിൽ നിന്നുള്ള ഒരു സംഘം കഞ്ചാവെത്തിക്കുന്ന സംശയത്തെ തുടർന്നാണ് കഴിഞ്ഞ ഒരുമാസത്തോളമായി ഈ സ്കൂള്‍ പരിസരങ്ങളെല്ലാം ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ആന്ധ്രയിൽ നിന്നുള്ള കഞ്ചാവാണ് രാജേഷ് കൊച്ചിയിലെ ഇടനിലക്കാർക്ക് എത്തിച്ചു നൽകുന്നത്.
നഗരത്തിലേക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. നഗരത്തിലെ സ്വകാര്യ സ്കൂൾ പരിസരങ്ങളടക്കം ഷാഡോ പൊലീസിന്റെ കർശന നിരീക്ഷണത്തിലായി. ചെറിയ അളവിൽ കഞ്ചാവുമായി പലരും ഇതിനോടകം പിടിയിലായിട്ടുമുണ്ട്.