മലപ്പുറം എടപ്പാളിൽ ബൈക്കിലെത്തിയ സംഘം വീട്ടമ്മയെ അടിച്ചുവീഴ്ത്തി ഒന്നേമുക്കാൽ ലക്ഷം രൂപ കവർന്നതായി പരാതി. പൊൽപ്പാക്കര തറക്കൽ കുറുപ്പത്ത് വളപ്പിൽ ബാലന്റെ ഭാര്യ ഗീതയാണ് ആക്രമിക്കപ്പെട്ടത്.
വൈകിട്ട് നാലരയോടെ എടപ്പാൾ പഴയ ബ്ലോക്കിന് സമീപം പഴയങ്ങാടി റോഡിലായിരുന്നു സംഭവം. കുടുംബശ്രീ പ്രവർത്തകയായ ഗീത ഒാണക്കാലത്ത് അത്തക്കുറി എന്ന പേരിൽ പലരിൽനിന്നായി പിരിച്ചെടുത്ത 1,74,000 രൂപ അടക്കം 177000 രൂപ കൈവശമുണ്ടായിരുന്നു. നടന്നുപോകുമ്പോൾ പിറകിലൂടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തലയ്ക്കടിച്ച ശേഷം കൈവശമുള്ള ബാഗിലെ തുകയുമായി കടന്നുകളയുകയായിരുന്നു എന്നാണ് പരാതി. രണ്ട് എടിഎം കാർഡുകളും ബാഗിലുണ്ടായിരുന്നു.
കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പഴ്സും നഷ്ടപ്പെട്ടില്ല. ഇവരുടെ നിലവിളി കേട്ട് സമീപത്തുള്ളവർ എത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടുവെന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ബോധരഹിതയായ ഗീതയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായി എസ്ഐ അറിയിച്ചു.