പണമില്ലാത്തതിനാല്‍ ആംബുലന്‍സ് നിഷേധിച്ച ആശുപത്രി അധികൃതരുടെ അനാസ്ഥ മൂന്നു വയസുകാരിയുടെ ജീവനെടുത്തു. ഝാര്‍ഖണ്ഡ് ഗുംലയിലെ സദാര്‍ ആശുപത്രി അധികൃതരാണ് മൂന്നു വയസുള്ള കുരുന്നിന് ആംബുലന്‍സ് നിഷേധിച്ചത്. മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് അമ്മയുടെ കൈകളില്‍ കിടന്ന് കുഞ്ഞ് മരിച്ചു.
പിഞ്ചുകുഞ്ഞിന്റെ നീറുന്ന വേദനയ്ക്കും അമ്മയുടെ കണ്ണീരിനും മുകളിലായിരുന്നു ആശുപത്രി അധികൃതര്‍ക്ക് പിടിവാശി. വിദഗ്ദചികില്‍സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റണമെന്ന അധികൃതരുടെ നിര്‍ദേശത്തെതുടര്‍ന്നാണ് സരിത ഓറായന് എന്ന വിധവ ആംബുലന്‍സിന് അപേക്ഷിച്ചത്. നാല്‍പ്പത് കിലോമീറ്റര്‍ അകലെ റാഞ്ചിയില്‍ വരെ പോകാന്‍ ആംബുലന്‍സിന് നല്കാന് പണമില്ലെന്ന് പറഞ്ഞതോടെ അധികൃതര്‍ കയ്യൊഴിഞ്ഞു. ആംബുലന്‍സ് നിഷേധിച്ചതോടെ മകളേയും കയ്യിലേന്തി നാല്‍പ്പത് കിലോമീറ്റര്‍ നടക്കാനൊരുങ്ങി. എന്നാല്‍, ദയനിഷേധിക്കപ്പെട്ട കുരുന്ന് അമ്മയുടെ മടിത്തട്ടില്‍ മരിച്ചുവീണു.
അതേസമയം, ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. കുട്ടിയെ ആശുപത്രിയില്‍ നിന്ന് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കുഞ്ഞിന്റെ മൃതദേഹവുമായി കരഞ്ഞുകൊണ്ട് റോഡില്‍ നിന്ന അമ്മയെ, നാട്ടുകാര്‍ പിരിവെടുത്താണ് വീട്ടിലേക്ക് പോകാന്‍ വാഹനം ഒരുക്കി നല്‍കിയത്.