തൃശൂര്‍ നഗരത്തില്‍ അഞ്ചു ലക്ഷം രൂപയുടെ ഹഷിഷ് ഓയില്‍ പിടികൂടി. സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹഷിഷ് ഓയിലിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ചെറുതുരുത്തി സ്വദേശികളായ ബാബു, സജീവന് , ഷൈലജ എന്നിവരാണ് ഹഷിഷ് ഓയിലുമായി പിടിയിലായത്. ഷൈലജയുടെ ഭര്‍ത്താവിനെ ഈയിടെ മൂന്നു കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹഷിഷ് ഓയിലിന്റെ ഇടപാടു നടത്തിയതെന്ന് ഷൈലജ മൊഴിനല്‍കി. ഭര്‍ത്താവിനെ ജാമ്യത്തിലെടുക്കാന്‍ പണം ആവശ്യമായിരുന്നു. ഈ ഇടപാടിലൂടെ പണം കിട്ടുമെന്ന് കരുതിയാണ് ഇറങ്ങിയത്. ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണ് ബാബുവും സജീവനും. അഞ്ചു ലക്ഷം രൂപയുടെ ഹഷിഷ് ഓയിലുമായി മൂന്നു പേര് നഗരത്തിലുണ്ടെന്ന് ഈസ്റ്റ് സി.ഐ.: കെ.സി.േസതുവിന് രഹസ്യവിവരം ലഭിച്ചു. അങ്ങനെയാണ്, ഈസ്റ്റ് പൊലീസ് നഗരം മുഴുവന്‍ അരിച്ചുപെറുക്കിയത്. കോവിലകത്തുംപാടം റോഡില്‍ തട്ടുക്കടയുടെ പരിസരത്ത് നിലയുറപ്പിച്ചിരുന്ന മൂവരേയും കയ്യോടെ പിടികൂടുകയായിരുന്നു. ഹഷിഷ് ഓയില്‍ ഉപയോഗിക്കുന്ന ചിലരില്‍ നിന്ന് കിട്ടിയ വിവരമാണ് പൊലീസിന് തുണയായത്. ഇടപാടുകാരുടെ മൊബൈല്‍ നമ്പര്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതു പിന്തുടര്ന്നാണ് കുടുക്കിയത്. ഹഷിഷ് ഓയിലിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം തുടരുകയാണ്. ഒപ്പം, ഇതിന്റെ സ്ഥിരം ഉപഭോക്താക്കളുടെ പട്ടികയും പൊലീസ് തയാറാക്കുന്നുണ്ട്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഇനങ്ങളുടെ ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റേയും എക്സൈസിന്റേയും കണക്കുകള്‍ സൂചിപ്പിക്കുന്നത്.