കായംകുളത്ത് എട്ടുകോടിയോളം രൂപ മൂല്യമുണ്ടായിരുന്ന അസാധുനോട്ട് പിടികൂടി. ദേശീയപാതയില്‍ വാഹനപരിശോധനയ്ക്കിടെയാണ് നോട്ടുകള്‍ പിടികൂടിയത്. അഞ്ചുപേരെ കായംകുളം പൊലീസ് അറസ്റ്റുചെയ്തു.
പുലര്‍ച്ചയാണ് കൃഷ്ണപുരത്ത് രണ്ടുവാഹനങ്ങളിലായി കടത്തുകയായിരുന്ന അസാധുനോട്ടുകള്‍ പിടികൂടിയത്. ഒരു വാഹനം പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. പെട്ടികളിലാക്കി ഭക്ഷ്യവസ്തുക്കളെന്ന വ്യാജേനയാണ് പണം കടത്തിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശി നൗഷാദ്, പാലക്കാട് സ്വദേശികളായ മുഹമ്മദ് ഹാരിഷ്, പ്രകാശ്, മുഹമ്മദ് റഫീഖ്, അഷ്റഫ് എന്നിവരെയാണ് പിടികൂടിയത്. പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. എഴുകോടി 92 ലക്ഷത്തി 38ആയിരം രൂപയുടെ നിരോധിച്ച നോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരില്‍നിന്ന് കായംകുളത്ത് കൈമാറ്റം ചെയ്യാന്‍ കൊണ്ടുപോകാനായിരുന്നു ശ്രമം.
20 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ നല്‍കിയാണ് ഒരു കോടി രൂപയുടെ പഴയ നോട്ടുകള്‍ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. 11 ലക്ഷം നല്കി കോയമ്പത്തൂരില്‍നിന്നും സമാനമായി ഒരു കോടി രൂപ കൈമാറിയിട്ടുണ്ട്. എന്നാല്‍ എവിടെ എത്തിച്ചാണ് അസാധുനോട്ട് ഇടപാടില്‍ ലാഭമുണ്ടാക്കുന്നെതന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്