പന്തളം പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപെട്ട മോഷണക്കേസ് പ്രതികള്‍ പിടിയിൽ. മധുരയിൽ ഒളിവിൽകഴിയുകയായിരുന്ന രണ്ടുപേരെ ഷാഡോ പൊലീസാണ് പിടികൂടിയത്. ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായ ഇവർ കഴിഞ്ഞ പത്തിനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ കബളിപ്പിച്ച് രക്ഷപെട്ടത്.
ചെങ്ങന്നൂർ സ്വദേശി സുരേഷ്, കോഴഞ്ചേരി സ്വദേശി ഷിജു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ പത്തിന് പുലർച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ തള്ളിയിട്ട ശേഷമാണ് ഓടിരക്ഷപെട്ടത്. കഴിഞ്ഞമാസമാണ് ആഡംബര ബൈക്ക് മോഷണസംഘത്തിലെ കണ്ണികളായ ഇരുവരേയും പൊലീസ് പിടികൂടിയത്. പന്തളം, അടൂർ, കൊടുമൺ, ആറൻമുള സ്റ്റേഷനുകളിലായി 14 കേസുകളാണ് ഇരുവർക്കുമെതിരെയുള്ളത്. പന്തളത്ത് നിന്ന് രണ്ട് ബൈക്കുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഇവരെ പന്തളം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇതിനിടയിലാണ് പൊലീസുകാരെ കബളിപ്പിച്ച് ഇരുവരും രക്ഷപെട്ടത്. കേരളത്തിലും തമിഴ്നാട്ടിലുമായി ഇരുപത്തഞ്ചിലധികം ആഡംബര ഇരുചക്രവാഹനങ്ങൾ ഇവർ മോഷ്ടിച്ചിരുന്നു.