കോഴിക്കോട് കൊടുവള്ളിയില്‍ രണ്ടു വീടുകളിൽ നിന്നുമായി ഇരുപത് പവൻ സ്വർണവും രത്നങ്ങളും നഷടമായി. പൊലീസ് കേെസടുത്തു അന്വേഷണം ആരംഭിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് മുക്കത്തും സമാനമായ രീതിയിൽ കവര്‍ച്ച നടന്നിരുന്നു.
ആളില്ലാതിരുന്ന തൊട്ടടുത്തുള്ള വീടുകളിലാണ് മോഷണം നടന്നത്. പൂട്ടുപൊളിച്ച് അകത്ത് കടന്ന കള്ളൻമാർ വീടിനകത്തുള്ള സാധനങ്ങളെല്ലാം വാരിവലിച്ചിട്ടു. കൊടുവളളി ടൗണിലെ ജ്വല്ലറി ഉടമ നാസറിന്റെ വീട്ടിൽ നിന്നാണ് രത്നങ്ങൾ നഷ്ടമായത്. ഇതിന്റെ മൂല്യം ഇതുവരെ കണക്കാക്കിയിട്ടില്ല. രത്നങ്ങളോടപ്പം സൂക്ഷിച്ചിരുന്ന അഞ്ചുപവൻ സ്വർണാഭരങ്ങളും നഷ്ടമായിട്ടുണ്ട്. തൊട്ടടുത്തുള്ള കാദറിന്റെ വീട്ടിൽ നിന്നും പതിനെഞ്ച് പവൻ ആഭരണങ്ങളും കള്ളൻമാർ കൊണ്ടുപോയി.
വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്ത് പരിശോധന നടത്തി. വീടുകളിൽ നിന്നും മണം പിടിച്ചോടിയ പൊലീസ് നായ റോഡിലെത്തി തിരികെ പോന്നു. മാസങ്ങൾക്ക് മുമ്പ് മുക്കത്ത് സമാനമായ രീതിയിൽ വ്യാപകമായ മോഷണങ്ങൾ നടന്നിരുന്നു. ഈകേസുകളിലെ പ്രതികളെ പിടികൂടാൻ പൊലീസിനും ഇനിയും സാധിച്ചിട്ടില്ല.