ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ജീവനക്കാരിയെ മാനഭംഗപ്പെടുത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമം. ഹോട്ടല്‍ മാനേജര്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹോട്ടലിന്റെ സുരക്ഷാചുമതലയുള്ള മാനേജരാണ് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച പൊലീസ്, ദൃശ്യങ്ങള്‍ പുറത്തായതോടെ പ്രതിയെ പിടികൂടാനുളള ശ്രമം ഊര്‍ജിതമാക്കി.
ഹോട്ടലിലെ റിസപ്ഷനിസ്റ്റായ യുവതിയാണ് അതിക്രമത്തിന് ഇരയായത് പിറന്നാള്‍ സമ്മാനം നല്‍കാനെന്ന വ്യാജേന ഹോട്ടലിന്റെ സുരക്ഷാചുമതലയുളള മാനേജര്‍ യുവതിയെ സിസിടിവി കണ്ട്രോള് റൂമിലേക്ക് വിളിച്ചുവരുത്തി. മുന്‍പ് പലതവണ മാനേജരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായതിനാല്‍ സമ്മാനം സ്വീകരിക്കാന്‍ യുവതി തയാറായില്ല. ഇതോടെ സുരക്ഷാമാനേജര്‍ യുവതി ധരിച്ചിരുന്ന സാരി വലിച്ചൂരി. മല്പിടിത്തം നടത്തി സാഹസികമായി യുവതി രക്ഷപ്പെടുകയായിരുന്നു. മുറിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പീഡനശ്രമത്തിന്റെ ദൃശ്യങ്ങള്‍ വ്യക്തമാണ്.
രാത്രി വീട്ടിലേക്ക് മടങ്ങവെയാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. കാറില്‍ തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം. രണ്ട് സംഭവങ്ങളും ഹോട്ടല്‍ അധികൃതരോട് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. പൊലീസില്‍ നല്കിയ പരാതിയിലും അന്വേഷണമുണ്ടായില്ല. ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്തുവന്നതോടെ ഡല്‍ഹി പൊലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.