വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ വളപ്പില്‍ നിന്ന് കഞ്ചാവ് പായ്ക്കറ്റ് മതിലിന് മുകളിലൂടെ തടവുകാര്‍ക്ക് എറിഞ്ഞു കൊടുക്കുന്നതിനിടെ യുവാവ് പിടിയില്‍. റിമാന്‍ഡില്‍ കഴിയുന്ന തടവുകാരുടെ ആവശ്യപ്രകാരമാണ് ജയില്‍ വളപ്പില്‍ കഞ്ചാവ് എത്തിച്ചതെന്ന് യുവാവ് മൊഴിനല്‍കി.
തൃശൂര്‍ നെടുപുഴ സ്വദേശി ജിതിനാണ് പിടിയിലായത്. ക്രിമിനല്‍ കേസില്‍ അകത്തായ കൂട്ടുകാരായ ഗുണ്ടകള്‍ക്ക് കഞ്ചാവും ഫോണും എത്തിക്കാനാണ് ജയിലില്‍ വളപ്പില്‍ കടന്നത്. ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് സംശയം തോന്നി പിടിച്ചുവച്ചു. ഷാഡോ പൊലീസ് എത്തി വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പായ്ക്കറ്റ് കണ്ടെത്തിയത്. അരക്കിലോ കഞ്ചാവായിരുന്നു ജയിലിനുള്ളിലേക്ക് എറിഞ്ഞുകൊടുക്കാന്‍ ശ്രമിച്ചത്. ഒപ്പം, ഫോണും. കോടതിയില്‍ എത്തിച്ച സമയത്ത് ഇതു കൈമാറാനായിരുന്നു പദ്ധതി. പക്ഷേ, സാവകാശം കിട്ടിയില്ല. അങ്ങനെയാണ്, കോടതിയില്‍ നിന്ന് നേരെ, ജയിലിലേക്ക് എത്തിയത്. മോഷണക്കേസുകളിലും വാഹനം കത്തിച്ച കേസുകളിലും പ്രതിയാണ് അറസ്റ്റിലായ ജിതിന്.