ആലുവയില്‍ കൊല്ലപ്പെട്ട ഹണിയുടെ അടുത്ത ബന്ധുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. ഹണി വധക്കേസിലെ മുഖ്യപ്രതിയും കൂട്ടാളികളുമാണ് പിടിയിലായത്. ഒളിവിലുള്ള മൂന്നു പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഈമാസം പതിമൂന്നിന് ആലുവ എസ്എന്‍ പുരത്തുവച്ചായിരുന്നു കൊല്ലപ്പെട്ട ഹണിയുടെ അടുത്ത ബന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. ഹണിയുടെ അടുത്ത ബന്ധുവായ ഷൈജുവിനെയാണ് വധിക്കാന്‍ ശ്രമിച്ചത്. പരുക്കേറ്റ ഷൈജു ഇപ്പോഴും ചികില്‍സയിലാണ്.
2013ല്‍ നടന്ന ഹണി വധക്കേസിലെ രണ്ടു പ്രതികള്‍ ബൈക്കപടകടത്തില്‍ കൊല്ലപ്പെടുകയും ഒരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഷൈജുവും സംഘവും പ്രതികാരം ചെയ്തേക്കുമെന്ന് ഭയന്നാണ് പ്രതികള്‍ വധശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഹണി വധക്കേസിലെ മുഖ്യപ്രതിയാണ് ഷൈജു വധശ്രമക്കേസില്‍ പൊലീസ് പിടികൂടിയ ബിലാല്‍ എന്നറിയപ്പെടുന്ന തായിക്കാട്ടുകര സ്വദേശി ശ്രീജിത്ത്. ശ്രീജിത്തിന്റെ കൂട്ടാളികളായ കളമശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന രഞ്ജിത്ത്, തായിക്കാട്ടുകര സ്വദേശി എബിന് എന്നിവരാണ് അറസ്റ്റിലായത്. ഷൈജുവിനെ വെട്ടിയ ടിന്റു ഉള്‍പ്പെടെ മൂന്നു പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ലഹരിമരുന്നിന് അടിമകളായ ഇവര്‍ നഗരത്തില്‍ പുതിയ ഗുണ്ടാസംഘം രൂപീകരിച്ച് അക്രമം നടത്തിവരികയായിരുന്നുവെന്ന് ആലുവ സി.ഐ. വിശാല്‍ ജോണ്സന് പറഞ്ഞു. ഇരുപത്തിരണ്ടുകാരനായ ബിലാലിനെതിരെ നിലവില്‍ ഏഴു കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ തന്നെ ബിലാല്‍ വധശ്രമക്കേസില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.