ആലപ്പുഴ മാവേലിക്കരയില്‍ യുവതി ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനത്തെ തുടര്‍ന്നാണെന്ന് പൊലീസ്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ബിനേഷ് സ്ഥിരമായി ഉപദ്രവിച്ചതിന്റെ ഫലമായാണ് ലിജി ആത്മഹത്യ ചെയ്തതെന്നാണ് കണ്ടെത്തല്‍ .
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാവേലിക്കര ഉമ്പര്‍നാട് സ്വദേശി ബിനേഷിന്റെ ഭാര്യ മുപ്പതുകാരിയായ ലിജി കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തത്. തുണിയലക്കാന്പോയ ലിജിയെ ഏറെനേരം കഴിഞ്ഞും കാണാതിരുന്നതോടെ നടത്തിയ തിരച്ചിലില്‍ കിണറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി ഭര്‍ത്താവ് ബിനേഷിനെ പൊലീസ് അന്നുതന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം നടന്നിരുന്നതായി കണ്ടെത്തിയത്.
ലിജിയുടെ കുടുംബത്തിന് ആകെയുള്ള ഏഴ് സെന്റ് സ്ഥലവും വീടും വിറ്റ് പണം നല്‍കണമെന്നായിരുന്നു ബിനേഷിന്റെ ആവശ്യം. കഴിഞ്ഞ വ്യാഴാഴ്ച ലിജിയെ കാണാനെത്തിയ അമ്മയെയും സഹോദരിയെയും ബിനേഷ് അസഭ്യം പറഞ്ഞതും ആത്മഹത്യക്ക് പ്രേരകമായി. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ക്ക് നാലുമാസം പ്രായമുള്ള കുട്ടിയുമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിന്നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.