പത്തനംതിട്ട തിരുവല്ലയില്‍ സ്ത്രീകളെ ഫോണില്‍ വിളിച്ച് അശ്ലീലം പറയുന്ന യുവാവ് അറസ്റ്റില്‍. വള്ളംകുളം സ്വദേശി സജിത്ത് ചന്ദ്രനാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. മോഷ്ടിച്ച മൊബൈല്‍ ഫോണില്‍ നിന്നാണ് പ്രതി സ്ത്രീകളെ വിളിച്ചിരുന്നത്. വീട്ടമ്മമാര്‍ ഉള്‍പ്പെടെ പ്രതിക്കെതിരെ പരാതിയുമായി രംഗത്തെത്തി.
കഴിഞ്ഞ ജൂലൈ 25ന് കവിയൂര്‍ സ്വദേശിനിയുടെ മൊബൈല്‍ ഫോണ്‍ ഇയാള്‍ തട്ടിയെടുത്തിരുന്നു. തിരുവല്ല പുഷ്പഗിരി റോഡില്‍ മുന്‍സിപ്പല്‍ പാര്‍ക്കിനു സമീപത്ത് വച്ചായിരുന്നു സംഭവം. ഈ ഫോണിലെ സ്ത്രീകളുടെ നമ്പറുകളിലേയ്ക്ക് വിളിച്ച് നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് നിരവധി പേര് ഇയാള്‍ക്കെതിരെ പരാതി നല്കി. ഇതേതുടര്‍ന്ന് ഫോണ്‍ കോളുകള്‍ കേന്ദ്രികരിച്ചുള്ള അന്വേഷണമാണ് സുജിത്തിന്റെ അറസ്റ്റിന് വഴിയൊരുക്കിയത്. രാത്രി സമയങ്ങളില്‍ സ്ത്രീകളെ വിളിക്കുന്ന ഇയാള്‍ അശ്ലീല ചുവയോടെ സംസാരിച്ച് തുടങ്ങും.
മറുവശത്ത് എതിര്‍പ്പ് പ്രകടിപ്പിച്ചാലും പ്രതി സംഭാഷണം തുടര്‍ന്നു. തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വന്നതോടെയാണ് സ്ത്രീകള്‍ പൊലീസിനെ സമീപിച്ചത്. ഒട്ടേറെ പേരില്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരക്കിയ സജിത്തിനെ റിമാന്റ് ചെയ്തു.