ചലച്ചിത്ര നടന് ദിലീപ് ജയിലിലായിട്ട് ഇന്ന് ഒരു മാസം. ഗുരുതരമായ ക്രിമിനല്‍ കേസില്‍പ്പെട്ട് ഒരു മാസം കഴിയുമ്പോഴും ജയിലില്‍ നിന്ന് എന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്ന കാര്യത്തില്‍ ആശങ്കയിലാണ് ദിലീപും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും. എന്നാല്‍ കേസിന്റെ വിചാരണ കഴിയും വരെയും ദിലീപിനെ ജയിലില്‍ നിന്ന് പുറത്തിറക്കാതിരിക്കുകയെന്ന തന്ത്രത്തിലൂന്നിയാണ് അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍.
ദിലീപിന്റെ കടുത്ത ശത്രുക്കളുടെയും വിമര്‍ശകരുടെയും സ്വപ്നങ്ങളില്‍ പോലുമുണ്ടായിരുന്നിരിക്കില്ല ഇങ്ങനെയൊരു ദൃശ്യം. അത്രമേല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു കഴിഞ്ഞ മാസം പത്തിന് രാത്രി താരം അഴിക്കകത്തായത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഡാലോചനയുടെ സൂത്രധാരന്‍ ദിലീപാണെന്ന കണ്ടെത്തല്‍ അക്ഷരാര്‍ഥത്തില്‍ സിനിമാ മേഖലയെയും ആരാധകരെയും ഞെട്ടിച്ചു. അറസ്റ്റു വാര്‍ത്ത പുറത്തുവന്നതോടെ ജനപ്രിയനായകനെ ജനം തളളിപ്പറയുന്നതും കേരളം കണ്ടു.
ആരാധകര്‍ മാത്രമല്ല സിനിമാലോകമൊന്നാകെയും ദിലീപിനെ തളളിപ്പറഞ്ഞു. താരസംഘടനയായ അമ്മയടക്കം സിനിമാ സംഘടനകളില്‍ നിന്നെല്ലാം താരരാജാവ് പുറത്താക്കപ്പെട്ടു. സ്വന്തം നാടായ ആലുവയിലെ സബ്ജയിലില്‍ നിന്ന് പുറത്തെത്താന്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെയടക്കം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഭൂമി ഇടപാടുകളും, സ്വന്തം സ്ഥാപനങ്ങള്‍ക്കായി സ്ഥലം കയ്യേറിയെന്ന പരാതികളുമെല്ലാം കൂടുതല്‍ തിരിച്ചടിയായി ദിലീപിനുമേല്‍ വന്നു പതിച്ചു. ഭാര്യ കാവ്യാ മാധവനടക്കം അടുത്ത കുടുംബാംഗങ്ങള്‍ പോലും പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയരാകേണ്ടി വന്ന സ്ഥിതി.
ഇതിനിടെ ജയിലില്‍ ദിലീപിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന സൂചനകളുമെത്തി. തന്റെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങളെല്ലാം അന്നും ഇന്നും നിഷേധിക്കുന്ന ദിലീപ്, അറസ്റ്റിലായി ഒരു മാസം കഴിയുമ്പോഴും എന്നു പുറത്തിറങ്ങാനാകുമെന്നറിയാതെ ആശങ്കയിലാണ്. മറുവശത്ത് അന്വേഷണ സംഘമാകട്ടെ കോടതിയില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാകും വരെ ദിലീപിനെ ജയിലില്‍ നിന്ന് പുറത്തിറക്കാതിരിക്കാനുളള തീവ്രശ്രമത്തിലും.