റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. അത്ഭുതസിദ്ധിയുള്ള റൈസ് പുള്ളർ തരാമെന്ന് പറഞ്ഞ് പലരിൽ നിന്നായി പണം തട്ടിയെടുത്ത ആന്ധ്ര സ്വദേശി മദനമോക്ഷരാജുവാണ് എറണാകുളം കാലടിയിൽ അറസ്റ്റിലായത്.
ആന്ധ്രസ്വദേശിയായ മദനമോക്ഷരാജു ജോൺ മിൽട്ടൺ എന്ന വ്യാജപേരിലാണ് തട്ടിപ്പ് നടത്തിവന്നത്. അത്ഭുത സിദ്ധിയുള്ള റൈസ് പുള്ളറിന് വിദേശരാജ്യങ്ങളിൽ ആവശ്യക്കാരേറെയാണെന്നും അരിമണി ഉപയോഗിച്ച് ശക്തി കൂട്ടുന്ന റൈസ് പുള്ളർ തന്റെ തന്നെ ഉടമസ്ഥതയിൽ ഹൈദരാബാദിലുള്ള കമ്പനി കോടികണക്കിന് രൂപ നൽകി തിരികെ വാങ്ങുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷകണക്കിന് രൂപ ഇയാൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ
കേരളത്തിന് പുറത്ത് തട്ടിപ്പ് നടത്താൻ സഹായിച്ചവരെ കുറിച്ചും പൊലീസിന് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂർ ഡിവൈഎസ്്പി ജി. വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കാലടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.