അമ്മയോട് വഴക്കടിച്ച് മകള്‍ തീെകാളുത്തി ആത്മഹത്യ ചെയ്തു. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. പണത്തെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്നാണ് അമ്മയുടെ മുന്നില്‍ വച്ച് മകള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്.
പെരുമ്പാവൂര്‍ വട്ടയ്ക്കാട്ടുപടി അക്കയാലിക്കുടി അജികുമാറിന്റെ ഭാര്യ സുബിയാണ് ആത്മഹത്യ ചെയ്തത്. മുപ്പത്തി രണ്ടു വയസുകാരിയായ സുബി ഇന്നുച്ചയോടെയാണ് ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. തറവാട്ടുവീട്ടില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമായിരുന്നു സുബിയുടെ താമസം. തൊട്ടടുത്ത് തന്നെ സഹോദരിക്കൊപ്പം സുബിയുടെ അമ്മയും താമസിച്ചിരുന്നു.
മക്കള്‍ എല്ലാ മാസവും തുല്യമായ തുക തനിക്ക് ജീവനാംശമായി നല്‍കണമെന്നാവശ്യപ്പെട്ട് സുബിയുടെ അമ്മ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടിയെടുക്കുകയും ചെയ്തിരുന്നു. സുബി നല്‍കേണ്ട തുകയെ ചൊല്ലി അമ്മയും മകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
ഇതിനു പിന്നാലെ സുബി താന്‍ നല്‍കാനുളള മൂവായിരം രൂപ അമ്മയ്ക്ക് നല്കി. ഇതിനു പിന്നാലെയാണ് സ്വന്തം വീട്ടിലെത്തി മണ്ണെണ്ണയൊഴിച്ച ശേഷം അമ്മ താമസിച്ചിരുന്ന വീട്ടിലെത്തി അമ്മയ്ക്ക് മുന്നില്‍ വച്ച് സുബി തീകൊളുത്തിയത്. അമ്മയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. രണ്ടു കുട്ടികളുടെ അമ്മയാണ് മരിച്ച സുബി.