തൃശൂര്‍ ചാവക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ വെട്ടിപരുക്കേല്‍പിച്ച കേസില്‍ കെ.എസ്.യു ജില്ലാ സെക്രട്ടറി മുഹമ്മദ് സറോഖ് അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ സറോഖിനെ രണ്ടാഴ്ചത്തേയ്ക്കു റിമാന്‍ഡ് ചെയ്തു. ചാവക്കാട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി എ.ആര്.മിഥുന് , പ്രവര്ത്തകന് മുഹമ്മദ് ഷാക്കിര്‍ എന്നിവരെയാണ് വെട്ടിപരുക്കേല്പിച്ചത്. ഇവരെ, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടയായിരുന്നു സംഭവം. കെ.എസ്.യു. ജില്ലാ സെക്രട്ടറി മുഹമ്മദ് സാറോഖിന്റെ നേതൃത്വത്തില്‍ ബൈക്കില്‍ എത്തിയ ആറംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് സാറോഖിന് പുറമെ അക്രമി സംഘത്തിലുണ്ടായിരുന്നവര്‍ സുഹൃത്തുക്കളായ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ്. ഇവര്‍ ഒളിവിലാണ്. ചാവക്കാട് കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്ത്തകന് ഹനീഫയുടെ ബന്ധുകൂടിയാണ് കെ.എസ്.യു ജില്ലാ സെക്രട്ടറി. അതേസമയം, പൊലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കെ.എസ്.യു നേതാവിന്റെ ബന്ധുക്കള്‍ പറയുന്നു.
ചാവക്കാട് സ്റ്റേഷന് മുമ്പില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെങ്കിലും പൊലീസ് ഇടപ്പെട്ട് പറഞ്ഞുവിട്ടു. ഹനീഫ കൊലക്കേസിലെ പ്രതികളാണെന്ന് തെറ്റിദ്ധരിച്ചാണ് യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.