കൊല്ലം അഞ്ചൽ ഏരൂർ ഓയിൽ പാമിൽ സൂപ്പർവൈസർക്ക് നേരേ ആസിഡ് ആക്രമണം. ഫീൽഡ് സൂപ്പർ വൈസർ കെ.ശശികുമാറിന് നേരേയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് ശേഷം തോട്ടത്തിലേക്ക് ഓടി രക്ഷപെട്ട പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
രാവിലെ 8 മണിക്ക് എസ് സ്റ്റേറ്റ് വഴിയിൽ കുട്ടിവനത്തിന് സമീപത്താണ് സംഭവം. എസ്റ്റേറ്റ് മൂന്നാം ഡിവിഷനിലെ സൂപ്പർവൈസറായ ശശികുമാരപിളള ഓഫീസിൽ നിന്നും ഫയലുകളുമായി തോട്ടത്തിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് ആക്രമണമുണ്ടായത്. സംഭവ സ്ഥലത്തുള്ള കാട്ടിൽ മരത്തിന് പിന്നിൽ ഒളിച്ചു നിന്ന അക്രമി അടുത്തെത്തിയപ്പോൾ ഏതോ ദ്രാവകം മുഖത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് ശശികുമാര്‍ പൊലീസിനോട് പറഞ്ഞു.
സഹപ്രവർത്തകരും തൊഴിലാളികളും നിലവിളി കേട്ട് അടുത്തെത്തിയപ്പോഴേയ്ക്കും അക്രമി വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഇടതു കണ്ണിനും മുഖത്തും പൊള്ളലേറ്റ ശശികുമാറിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. റെയിൻകോട്ടും ഹെൽമറ്റും ധരിച്ചിരുന്നതിനാൽ മറ്റ് ശരീര ഭാഗങ്ങളിൽ കാര്യമായ പൊള്ളലേറ്റിട്ടില്ല. തിരുവനന്തപുരം കണ്ണാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ. പൊലീസ് ആശുപത്രിയിലെത്തി ശശികുമാറിന്റെ മൊഴിയെടുത്തു.