തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവു കടത്തുന്ന സംഘത്തിലെ രണ്ടുപേർ മലപ്പുറം കുറ്റിപ്പുറത്ത് പിടിയിൽ. പെരിന്തൽമണ്ണ സ്വദേശികളായ വിനോദ്, അബ്ദുള്ള എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഇവരിൽ നിന്നു മൂന്നു കിലോ കഞ്ചാവും പിടിച്ചെടുത്തു.
കുറഞ്ഞ വിലക്ക് തമിഴ്നാട്ടിൽ നിന്ന് കഞ്ചാവു വാങ്ങി കൂടിയ വിലക്ക് കേരളത്തിലെ ചില്ലറ വിൽപ്പനക്കാർക്ക് നൽകുകയാണ് പതിവ്.വളാഞ്ചേരി ,പുത്തനത്താണി ഭാഗങ്ങളിൽ വിൽപ്പനക്കായി എത്തിക്കുമ്പോഴാണ് പ്രതികൾ പിടിയിലായത്.കാറിന്റെ രഹസ്യഅറയിൽ എളുപ്പം പിടികൂടാൻ കഴിയാത്ത രീതിയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് പ്രതികൾ സഞ്ചരിച്ച കാറിനെ വളാഞ്ചേരി മുതൽ പിന്തുടർന്നെങ്കിലും ഇവർ എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്നുകളയുകയായിരുന്നു.പിന്നീട് കുറ്റിപ്പുറം കിൻഫ്ര പർക്കിനു മുന്നിൽ വച്ചാണ് പിടികൂടിയത്.
പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒന്നരലക്ഷം രൂപവരെ വില വരും.കേരളത്തിലേക്ക് ട്രയിൻ, ബസ് മാർഗങ്ങളിലൂടെ കഞ്ചാവു കടത്തുന്നവരെപ്പറ്റി കൂടുതൽ വിവരം ലഭിച്ചതായും ,വരും ദിവസങ്ങളിൽ അന്വേഷണം ഊർജിതമാക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.