കൊച്ചിയില്‍ കക്കൂസ് മാലിന്യം തളളാനെത്തിയ ലോറി തടഞ്ഞ യുവാവിനെ കാറു കയറ്റി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്. പ്രതികളുടെ ഒളിയിടത്തെ പറ്റി സൂചന കിട്ടിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. രണ്ടു ദിവസം മുമ്പുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്.
വൈപ്പിന്‍ തെക്കന്‍ മാലിപ്പുറം സ്വദേശിയായ ഷാനവാസ് എന്ന ഇരുപത്തിയൊമ്പതുകാരന് ബുധനാഴ്ച രാത്രിയാണ് കക്കൂസ് മാലിന്യ മാഫിയയുടെ ആക്രമണത്തിന് ഇരയായത്. ഷാനവാസ് താമസിക്കുന്ന പ്രദേശത്ത് സ്ഥിരമായി കക്കൂസ് മാലിന്യം തളളുന്ന ലോറി തടഞ്ഞതിനെ തുടര്‍ന്നാണ് പിന്നാലെ കാറിലെത്തിയ ഗുണ്ടകള്‍ ഇയാളെ ആക്രമിച്ചത്. ഷാനവാസിന്റെ കാലിലൂടെ ഗുണ്ടാ സംഘം കാര്‍ കയറ്റിയിറക്കി. പിന്നീട് കാറില്‍ കയറ്റി തോപ്പുംപടിയിലേക്ക് കൊണ്ടുപോയി.പോകുന്ന വഴിയില്‍ ക്രൂരമായി മര്‍ദ്ദിച്ചു. തോപ്പുംപടി ചുളളിക്കല്‍ ഭാഗത്തുളള മൈതാനത്തിറക്കിയ േശഷം കൂടുതലാളുകളെത്തി മര്‍ദ്ദനം തുടര്‍ന്നു. ഷാനവാസിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.
മര്‍ദ്ദിച്ചവരെ കുറിച്ചുളള കൃത്യമായ വിവരങ്ങള്‍ ഷാനവാസ് പൊലീസിന് കൈമാറിയെങ്കിലും പ്രതികളെയാരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നുമാണ് വിശദീകരണം. ഞാറയ്ക്കല്‍ പൊലീസിനാണ് കേസന്വേഷണ ചുമതല.