തമിഴ്നാട്ടിലെ ശിവഗംഗൈ ജില്ലയില്‍ പതിനേഴ് വയസുള്ള രണ്ട് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ കാണാതായ പെണ്‍കുട്ടികളെ പിന്നീട് സമീപത്തെ അരുവിയോട് ചേര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ശിവഗംഗെ ജില്ലയിലെ തിരുപ്പത്തൂര്‍ താലൂക്കിലാണ് സംഭവം. പിറാണ്മലയിലെ ക്ഷേത്രോത്സവം കാണാന്‍ പോയ അഞ്ച് പെണ്‍കുട്ടികളില്‍ രണ്ടുപേരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മലമുകളിലുള്ള ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ രണ്ടുപേര്‍ ബാത്റൂമിലേക്ക് പോയി. എന്നാല്‍ ഇവര്‍ തിരിച്ചുവരാത്തതിനാല്‍ കൂടെയുണ്ടായിരുന്നവര്‍ അന്വേഷിച്ച് പോയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരടക്കം നടത്തിയ തെരച്ചിലിനൊടുവിലാണ് സമീപത്തുള്ള അരുവിയോട് ചേര്‍ന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്സെത്തി മൃതദേഹങ്ങള്‍ ആംബുലന്‍സിലേക്ക് മാറ്റി. രണ്ടുപേരുടെയും കുടുംബാഗങ്ങളെത്തി ആശുപത്രിയില്‍ നിന്നും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. പിറാണ്മലൈ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന പതിനേഴുവയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. മരണത്തിലെ ദുരൂഹത സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.