കോട്ടയം പൊടിപ്പാറയില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിന്റെ ഭാഗമായി ഉപദ്രവിച്ചെന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പരാതി. ശരീരമാസകലം പരുക്കേറ്റ വിദ്യാര്‍ഥി ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കോട്ടയംജില്ലയിലെ നാലുകോടിക്ക് സമീപം കിളിമലയിലുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്. പൊടിപ്പാറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് പരാതിക്കാരന്. പ്ലസ്ടുക്കാരായ കുറച്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തിങ്കളാഴ്ച അകാരണമായി ഉപദ്രവിച്ചുവെന്നാണ് പരാതി. വീട്ടിലെത്തിയ കുട്ടിക്ക് ശാരീരകാസ്വാസ്ഥ്യങ്ങള് അനുഭവപ്പെട്ടതോടെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേസുമായി മുന്നോട്ടുപോകാനാണ് മാതാപിതാക്കളുടെ തീരുമാനം. പരാതി പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. തൃക്കൊടിത്താനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.